കോട്ടയം : ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും സംഘടിപ്പിച്ചതിന് പിന്നാലെ സിപിഎം രാമായണമാസവും നടത്തുന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു. എന്നാല്‍ സി പി എമ്മിന്റെ ഭാഗത്ത് നിന്നും അത്തരമൊരു നീക്കമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയതോടെ അത്തരം വിവാദങ്ങള്‍ കെട്ടടങ്ങിയിരുന്നു.
അതേസമയം ബി.ജെ.പിയ്ക്കും സിപിഎമ്മിനും പിന്നാലെ കോണ്‍ഗ്രസും. ‘രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്’ എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തില്‍ ആദ്യമായി രാമായണ മാസാചരണം സംഘടിപ്പിക്കുകയാണ്.
കര്‍ക്കടക മാസം ഒന്നിന് തൈക്കാട് ഗാന്ധിഭവനില്‍ രാമായണത്തിന്റെ ‘കോണ്‍ഗ്രസ് പാരായണം’ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ശശി തരൂര്‍ എംപിയാണു മുഖ്യപ്രഭാഷണം നടത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. രാമായണത്തിന്റെ രാഷ്ട്രീയവും സാഹിത്യപരവുമായ പ്രാധാന്യത്തില്‍ ഊന്നിയുള്ള പരിപാടികളാണു സംഘടിപ്പിക്കുകയെന്ന് കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന ചെയര്‍മാന്‍ ഡോ. നെടുമുടി ഹരികുമാര്‍ പറഞ്ഞു.