തിരുവനന്തപുരം : നിയമസഭയില്‍ വിവാദ വിഷയങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷ തീരുമാനം.
കണ്ണൂരിലെ ദളിത് യുവതിയുടെ ആത്മഹത്യശ്രമവുമായി ബന്ധപ്പെട്ട് പ്രേരണാ കുറ്റത്തിന് പ്രതിയായ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായ എ.എന്‍.ഷംസീറിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് നീക്കം.
കേസില്‍ ഷംസീറിന് പുറമെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യയും പ്രതികളാണ്. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാണ് കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ്സ നേതാക്കള്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
ഇക്കാര്യം മുന്‍നിര്‍ത്തി സഭക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്താന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് മുന്നില്‍ കെ.സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. സമാധാനപരമായ പ്രതിഷേധമാണ് കെ.പി.സി.സി യുടെ നിര്‍ദ്ദേശമെങ്കില്‍ വിഷയം ആളിക്കത്തിക്കണമെന്ന നിലപാടിലാണ് കണ്ണൂര്‍ നേതാക്കള്‍.
വിഷയത്തില്‍ ദളിത് സംഘടനകള്‍ കാര്യമായ പ്രതിഷേധം ഉയര്‍ത്താത്തതും സംഭവത്തിന്റെ നിജസ്ഥിതിയുമായി ബന്ധപ്പെട്ട് വ്യത്യസ്ത വാര്‍ത്തകള്‍ പ്രചരിക്കുന്നതും കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെങ്കിലും വിഷയം ലൈവാക്കി നിര്‍ത്താന്‍ തന്നെയാണ് തീരുമാനം.
പാര്‍ലമെന്റിനകത്തും വിഷയം ഉന്നയിക്കാന്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ തീരുമാനിച്ചിട്ടുണ്ട്.
സി.പി.എം ഓഫീസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ദളിത് പെണ്‍കുട്ടി അഞ്ജന നല്‍കിയ മൊഴിയിലാണ് രണ്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാക്കള്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
മാധ്യമങ്ങളിലൂടെ ഇവര്‍ നടത്തിയ അപവാദ പ്രചരണത്തില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന അഞ്ജനയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
ആത്മഹത്യാ ശ്രമത്തിന് അഞ്ജനക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയായ എന്‍. രാജനും കോണ്‍ഗ്രസ്സ് നേതൃത്വവും മക്കളായ അഖിലയെയും അഞ്ജനയെയും മുന്‍ നിര്‍ത്തി രാഷ്ട്രീയം കളിക്കുകയാണെന്നാണ് സി.പി.എമ്മിന്റെ ആരോപണം.
പാര്‍ട്ടി ഓഫീസില്‍ കയറി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച ഇരുവര്‍ക്കുമെതിരെ മാത്രമല്ല ദളിതരായ പാര്‍ട്ടി പ്രവര്‍ത്തകരടക്കമുള്ളവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ടെന്നും കൈക്കുഞ്ഞുമായി ജാമ്യമെടുക്കാതെ ജയിലില്‍ പോയത് രാഷ്ട്രീയം കളിക്കാനാണെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആക്ഷേപം.
ഒരു ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്ത് വന്നപ്പോഴാണ് അഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത്.
ചാനല്‍ ചര്‍ച്ചയില്‍ പൊതുശല്യമെന്നും ക്വട്ടേഷന്‍ സംഘമെന്നും അധിഷേപിച്ചത് മാനഹാനിയുണ്ടാക്കിയെന്നാണ് ആക്ഷേപം. ആത്മഹത്യ പ്രേരണയ്ക്ക് ഐ.പി.സി 109ാം വകുപ്പ് പ്രകാരമാണ് ഷംസീറിനും ദിവ്യക്കുമെതിരായ കേസ്. എന്നാല്‍ ഈ വകുപ്പ് പോരെന്നും ദളിത് പെണ്‍കുട്ടിക്കാണ് ഈ സാഹചര്യമുണ്ടായത് എന്നതിനാല്‍ കൂടുതല്‍ വകുപ്പ് ചേര്‍ക്കണമെന്നുമാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നിലപാട്.
അതേസമയം കുട്ടികളുടെ മൊഴി രേഖപ്പെടുത്താനെത്തിയ സംസ്ഥാന പട്ടികജാതി വര്‍ഗ്ഗ കമ്മീഷന്‍ അദ്ധ്യക്ഷന്‍ പി.എന്‍. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മുന്നില്‍ നല്‍കിയ മൊഴിയില്‍ ആത്മഹത്യയ്ക്ക് പ്രേരണയായത് ഷംസീറിന്റെയും ദിവ്യയുടെയും പരാമര്‍ശങ്ങളാണെന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നുവെന്നതും ശ്രദ്ധേയമാണ്.