ദില്ലി : ശബരിമലയിലെ തിരക്കും തീര്‍ത്ഥാടകരുടെ പ്രയാസങ്ങളും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ്. പൊലീസുകാരെ കുറച്ച് ശബരിമല തീര്‍ത്ഥാടനം ദുരന്തപൂര്‍ണമാക്കി മാറ്റിയത് സംസ്ഥാന സര്‍ക്കാരാണെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു. ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഭക്തജനങ്ങള്‍ യാതന അനുഭവിക്കുന്ന സാഹചര്യമുണ്ടെന്നും വിഷയം ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് എംപിമാരുടെയും ഇടപെടല്‍. തിരക്ക് നിയന്ത്രിക്കുന്നതില്‍ ദേവസ്വം ബോര്‍ഡും പൊലീസും പരസ്പരം പഴിചാരി സമയം കളയുകയാണെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് പ്രതാപന്റെ ആവശ്യം. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് തികഞ്ഞ പരാജയമായെന്നും അടിയന്തരപ്രമേയത്തില്‍ ടിഎന്‍ പ്രതാപന്‍ ചൂണ്ടിക്കാട്ടുന്നു.
ശബരിമല തീര്‍ത്ഥാടനം ദുരന്തപൂര്‍ണമാക്കി മാറ്റിയത് സംസ്ഥാന സര്‍ക്കാരെന്ന് ആന്റോ ആന്റണി എം പിയും ആരോപിച്ചു. പൊലീസുകാരെ നവ കേരള സദസ്സിന് വേണ്ടി വിന്യസിച്ചിരിക്കുകയാണ്. ഓരോ എട്ട് മണിക്കൂറിലും 650 പൊലീസുകാരെ മാത്രമാണ് മലയില്‍ ഡ്യൂട്ടിക്ക് വേണ്ടി നിയോഗിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന് വേണ്ടി ഇടുക്കിയില്‍ മാത്രം 2500 പൊലീസുകാരെ അനുവദിച്ചു. സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയില്ല.ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുന്‍പ് മുന്നറിയിപ്പ് നല്‍കിയതാണ് ദേവസ്വം മന്ത്രിയോടും ഇക്കാര്യം സൂചിപ്പിച്ചു.ഒരുക്കങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടു. പൊലീസ് ആവശ്യത്തിന് ഇല്ലെങ്കില്‍ കേന്ദ്ര പൊലീസിന്റെ സഹായം തേടണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.