ലീഗിനും കേരള കോണ്‍ഗ്രസ്സിനും കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ല, എല്ലാം ഒരു ‘നാടകം’

ധികസീറ്റിനായുള്ള ലീഗിന്റെയും കേരളകോണ്‍ഗ്രസിന്റെയും അവകാശവാദങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കും.രാഹുല്‍ഗാന്ധിയോട് അധികസീറ്റ് ആവശ്യപ്പെട്ട പി.കെ കുഞ്ഞാലിക്കുട്ടിയുടെയും കെ.എം മാണിയുടെയും വാദങ്ങള്‍ മുഖവിലക്കെടുക്കേണ്ടതില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിന്. കൂടുതല്‍ സീറ്റു ചോദിച്ച ഘടകകക്ഷിനേതാക്കളോട് എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് മാത്രമാണ് രാഹുല്‍ഗാന്ധി പറഞ്ഞത്.

കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും കുറയരുതെന്ന നിര്‍ദ്ദേശമാണ് ഹൈക്കമാന്റ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ തവണയും മൂന്നാം സീറ്റായി മുസ്ലീം ലീഗ് വയനാട് ആവശ്യപ്പെടുകയും കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചതോടെ പിന്‍മാറുകയും ചെയ്തിരുന്നു. മൂന്നാം സീറ്റിനായി പിടിവാശികാട്ടേണ്ടെന്ന നിലപാടാണ് മുസ്‌ലിം ലീഗിനുള്ളത്.

മൂന്നു സീറ്റിനുള്ള അര്‍ഹതയുണ്ടെന്ന് ബോധ്യപ്പെടുത്തുകയും നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി രണ്ടു സീറ്റില്‍ തൃപ്തിപ്പെടാനുമാണ് ലീഗ് നേതൃത്വത്തിലുള്ള ധാരണ. യൂത്ത്‌ലീഗ് നേതൃത്വത്തെയും അണികളെയും ബോധ്യപ്പെടുത്താനാണ് മൂന്നാം സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നത്.

കേരളകോണ്‍ഗ്രസില്‍ ജോസ് കെ മാണിക്ക് രാജ്യസഭാസീറ്റ് ലഭിച്ചതോടെ രണ്ടാം സീറ്റ് വേണ്ടെന്ന നിലപാടാണ് കെ.എം മാണിക്കുള്ളത്. കൈയ്യിലുള്ള കോട്ടയം സീറ്റ് കൈവിട്ടുപോകാതിരിക്കാനാണ് ഇടുക്കി ആവശ്യപ്പെടുന്നത്. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതോടെ ലോക്‌സഭാ സീറ്റില്‍ അവകാശവാദം കടുപ്പിക്കുകയാണ് പി.ജെ ജോസഫ്.

കോട്ടയത്ത് മത്സരിക്കാന്‍ പി.ജെ ജോസഫിന് താല്‍പര്യമുണ്ട്. ഉമ്മന്‍ചാണ്ടിയെ ജോസഫ് ഇടുക്കിയിലേക്ക് സ്വാഗതം ചെയ്തത് കോട്ടയം സ്വപ്നം കണ്ടാണ്. രാഹുല്‍ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ കെ.എം മാണി രണ്ടാം സീറ്റ് ആവശ്യപ്പെടാതിരുന്നപ്പോള്‍ പി.ജെ ജോസഫാണ് സീറ്റിന്റെ കാര്യം ഉയര്‍ത്തിയത്.

കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന്റെ കാഹളമുയര്‍ത്തിയ ശേഷം മാണിയെ സമ്മര്‍ദ്ദത്തിലാക്കി ലോക്‌സഭാ സീറ്റ് ഉറപ്പിക്കാനാണ് ജോസഫിന്റെ തന്ത്രം. മാണിക്കും ജോസഫിനും ഇടതുമുണി പ്രവേശനം അടഞ്ഞ അധ്യായമായതിനാല്‍ കാര്യമായ പൊട്ടിത്തെറിയുണ്ടാകില്ലെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

രണ്ടാമത്തെ വലിയ ഘടകകക്ഷിയായ മുസ്ലീം ലീഗ് രണ്ട് സീറ്റില്‍ തൃപ്തിപ്പെടുന്നതോടെ കേരളകോണ്‍ഗ്രസിന്റെ വായടപ്പിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. കേന്ദ്രത്തില്‍ ഭരണം പിടിക്കാനുള്ള അനിവാര്യത ഉയര്‍ത്തിക്കാട്ടി കേന്ദ്രമന്ത്രിപദ സ്വപ്നങ്ങളും നല്‍കി ഘടകക്ഷികളെ നിലക്കു നിര്‍ത്താനുള്ള തന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്.

20 ലോക്‌സഭാ മണ്ഡലങ്ങളില്‍ രണ്ടെണ്ണം മുസ്ലീം ലീഗിനും കേരളകോണ്‍ഗ്രസിനും ആര്‍.എസ്.പിക്കും ഒരോന്ന് വീതവും നല്‍കിയാല്‍ 16 മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. കേരളത്തില്‍ നിന്നും 20 ല്‍ 16 സീറ്റെങ്കിലും പ്രതീക്ഷിക്കുന്നുണ്ട് കോണ്‍ഗ്രസ് ഹൈക്കമാന്റ്. അതിനാല്‍ തന്നെ ഘടകകക്ഷികള്‍ ഇത്തവണയും അധികസീറ്റ് ആവശ്യപ്പെട്ടാലും ഒടുവില്‍ ഉള്ളതുകൊണ്ട് തൃപ്തിപ്പെടേണ്ടിവരും.

political reporter

Top