വാടക നല്‍കിയില്ല ; അലഹബാദ് കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി ഓഫീസ് ഒഴിയാന്‍ നിര്‍ദേശം

Rahul-Gandhi

അലഹബാദ് : 35 മാസത്തെ വാടക നല്‍കാത്തതിനെ തുടര്‍ന്ന് അലഹബാദിലെ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി ഓഫീസ് ഒഴിയാന്‍ നിര്‍ദേശം. സ്വതന്ത്ര സമര ചരിത്രങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ള 3000 സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടം അലഹബാദിലെ ചൗക്ക് പ്രദേശത്താണ് നിലകൊള്ളുന്നത്.

മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരായ കമല നെഹ്‌റു, ഇന്ദിരാ ഗാന്ധി എന്നിവര്‍ ഒത്തു ചേര്‍ന്നിട്ടുള്ള പാര്‍ട്ടി സ്ഥലം കൂടിയാണ് ഈ കെട്ടിടമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

വാടക നല്‍കിയിട്ടില്ല എന്നു പറഞ്ഞുകൊണ്ട് പാര്‍ട്ടിക്ക് നിരവധി തവണ നോട്ടീസ് അയച്ചതായി കെട്ടിട ഉടമ രാജ് കുമാര്‍ അറിയിച്ചു. ഒന്നുകില്‍ മുടങ്ങിയ വാടക തരിക അല്ലെങ്കില്‍ ജൂലൈ അവസാനത്തോടെ കെട്ടിടം ഒഴിഞ്ഞു തരിക ഈ രണ്ടു മാര്‍ഗങ്ങളാണ് കെട്ടിട ഉടമ പാര്‍ട്ടിക്ക് മുന്നില്‍ വെച്ചിട്ടുള്ളത്.

ചരിത്ര സ്മാരകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കെട്ടിട ഉടമയുടെ ആവശ്യം ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസ്സ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് രാജ് ബബ്ബാറിനും കത്തയച്ചിട്ടുണ്ട്.

കെട്ടിടം നിലനിര്‍ത്താനായി നിലവില്‍ കോണ്‍ഗ്രസ്സ്‌ കമ്മിറ്റി അംഗങ്ങളുടെ കൈയ്യില്‍ നിന്നും പണ സമാഹരണം ആരംഭിച്ചതായി ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി വക്താവ് കിഷോര്‍ വര്‍ഷിണി അറിയിച്ചു. ഓരോ വര്‍ഷവും നിരവധി കോടികള്‍ ചിലവഴിക്കുന്ന പാര്‍ട്ടി 35 മാസത്തെ വാടക നല്‍കിയില്ല എന്നത് തികച്ചും വിരോധാഭാസമാണ് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ പറഞ്ഞു.

Top