കർണാടകയിൽ മുഖ്യമന്ത്രി പദത്തിൽ അന്തിമ തീരുമാനം എടുക്കാനാകാതെ കോൺഗ്രസ്

ബെം​ഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാവാതെ കോൺ​ഗ്രസ് ഹൈക്കമാന്റ് നേതൃത്വം. മുഖ്യമന്ത്രി ആരാണെന്ന വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ കഴിഞ്ഞില്ലെന്ന സൂചനയാണ് ഹൈക്കമാൻഡ് വൃത്തങ്ങളിൽ നിന്നും അറിയുന്നത്. സോണിയ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും പിന്തുണക്കുന്നത് ശിവകുമാറിനെയാണ്. അതേസമയം, രാഹുലും ഭൂരിപക്ഷം നിയുക്ത എം എൽ എ മാരും പിന്തുണക്കുന്നത് സിദ്ധരാമയ്യയെയാണ്. ശിവകുമാറിനെതിരായ കേസുകൾ തിരിച്ചടിയാകുമോയെന്നും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.

അതേസമയം, കോൺഗ്രസ് എംഎൽഎമാരുടെ യോഗം വൈകീട്ട് നടക്കും. കൂടുതൽ പിന്തുണ സിദ്ധരാമയ്യക്കാണ് ലഭിക്കുന്നത്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രിപദവും പ്രധാനവകുപ്പുകളും നൽകിയേക്കുെന്നാണ് വിവരം. മൂന്ന് ഉപമുഖ്യമന്ത്രിമാ‍ർക്ക് സാധ്യതയുണ്ടെന്നും സൂചനയുണ്ടായിരുന്നു. കർണാടകത്തിൽ വൻ വിജയമാണ് കോൺഗ്രസ് നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ 137 സീറ്റിലാണ് കോൺഗ്രസിന്റെ മുന്നേറ്റം. ബിജെപി 63 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 20 സീറ്റിലാണ് ഇപ്പോൾ നേട്ടമുണ്ടാക്കാനായത്.

ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വർധനയാണ് കോൺഗ്രസിന് ഉണ്ടായത്. മൈസൂർ മേഖലയിൽ മാത്രം ആകെയുള്ള 61 സീറ്റിൽ 35 ഉം കോൺഗ്രസ് നേടി. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. മധ്യ കർണാടകയിൽ 25 ൽ 16 സീറ്റും ഹൈദരാബാദ് കർണാടകയിൽ 41 ൽ 23 സീറ്റും കോൺഗ്രസ് നേടി. വടക്കൻ കർണാടകയിൽ അൻപതിൽ 32 സീറ്റിൽ കോൺഗ്രസ് ജയിച്ചു. തീര മേഖലയും ബംഗളൂരുവും ആണ് ബിജെപിക്ക് ഒപ്പം നിന്നത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റിൽ 29 എണ്ണം ബിജെപി നേടി. ന്യൂനപക്ഷ മേഖലകളിൽ മിക്കയിടത്തും കോൺഗ്രസിന് അനുകൂലമായി വോട്ടുകളുടെ ഏകീകരണം ഉണ്ടായി.

Top