തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്. കാലുവാരല്‍ വച്ചുപൊറിപ്പിക്കില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. കോണ്‍ഗ്രസ് സെമി കേഡര്‍ പാര്‍ട്ടി സ്വഭാവത്തിലേക്ക് മാറുന്ന നടപടികള്‍ പുരോഗമിക്കെയാണ് അച്ചടക്കം സംബന്ധിച്ച നിലപാടുകള്‍ കോണ്‍ഗ്രസ് ശക്തമാവുന്നത്. തോല്‍പ്പിക്കാനിറങ്ങുന്ന കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടിയെടുക്കും. ഇതേ പാത യുഡിഎഫ് ഘടക കക്ഷികളും സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നു.
ഇക്കാര്യത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍മാരോടും കണ്‍വീനര്‍മാരോടും വ്യക്തമാക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് മാത്രം നടപടിയെടുത്തിട്ട് കാര്യമില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതേ സമീപനം ഘടകക്ഷികളും സ്വീകരിച്ചില്ലെങ്കില്‍ മുന്നണിക്ക് പ്രയോജനമുണ്ടാകില്ല.
കൂടാതെ, തെരഞ്ഞെടുപ്പ് പരാജയം നിയോജകമണ്ഡലം തലത്തില്‍ പഠിക്കും. യുഡിഎഫ് കമ്മിറ്റികള്‍ പഞ്ചായത്ത് തലത്തില്‍ രൂപീകരിക്കാനും തീരുമാനിച്ചു. പരാജയം ഓരോ മണ്ഡലം അടിസ്ഥാനത്തില്‍ പരിശോധിക്കും. അടുത്തയാഴ്ച മുതല്‍ മണ്ഡലം അടിസ്ഥാനത്തില്‍ തുടങ്ങുന്ന യുഡിഎഫ് കണ്‍വെന്‍ഷനുകളാണ് ഇത് പഠിക്കുക. കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം കൊണ്ടു വരുന്ന ഘടനാപരമായ മാറ്റങ്ങള്‍ യുഡിഎഫിലും നടപ്പാക്കുകയാണ്. അതിന്റ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് തലത്തില്‍ യുഡിഎഫ് കമ്മിറ്റികള്‍ രൂപീകരിക്കുന്നത്.