ന്യൂഡല്‍ഹി: യു.എസിനും യുറോപ്യന്‍ യൂണിയനും മേല്‍ സമ്മര്‍ദം ചെലുത്തി ഇസ്രായേലിന്റെ ഗസ്സ അധിനിവേശം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് കോണ്‍ഗ്രസ്. സ്വന്തം പൗരന്‍മാര്‍ക്ക് നേരെ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണം വംശഹത്യയാണ്. ഗസ്സയില്‍ അതീവ ശ്രദ്ധ ആവശ്യമായ നവജാത ശിശുക്കള്‍ക്ക് പോലും വൈദ്യസഹായം നിഷേധിക്കപ്പെട്ടു. യുദ്ധത്തിന്റെ സമയത്താണെങ്കിലും ഇത്തരമൊരു സാഹചര്യമുണ്ടാവുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് പറഞ്ഞു.
എത്രയും പെട്ടെന്ന് ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം. ഇന്ത്യന്‍ സര്‍ക്കാര്‍ യു.എസ്, ഇസ്രായേല്‍ സര്‍ക്കാറുകളിലും യുറോപ്യന്‍ യൂണിയനിലും ഇതിനായി സമ്മര്‍ദം ചെലുത്തണം. അങ്ങനെ ചെയ്താല്‍ ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കാന്‍ യുറോപ്യന്‍ യൂണിയന്‍ അവരുടെ അധികാരം ഉപയോഗിക്കുമെന്ന് ജയ്‌റാം രമേശ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.