ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ നടപടികളെ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ. പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷീണം പ്രവര്‍ത്തിക്കുകയാണെന്നും എന്നാല്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നാണ് സോണിയ ഗാന്ധിയും കൂട്ടരും പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലടക്കം വന്‍ റാലികള്‍ നടത്തിയ ശേഷം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് പറയുന്നത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ്. ലോകത്ത് ഏറ്റവും വലിയ വാക്‌സീനേഷന്‍ ഡ്രൈവ് നടക്കുന്നത് ഇന്ത്യയിലാണ്. 2020 ല്‍ എട്ട് മാസം 80 കോടി ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കി. അതിപ്പോഴും തുടരുന്നുണ്ട്.
എല്ലാ മുഖ്യമന്ത്രിമാരുമായും യോജിച്ചാണ് പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം നിരവധി യോഗങ്ങള്‍ അദ്ദേഹം നടത്തി. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ പോലും പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചു. ഈ പ്രതിസന്ധി കാലത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തിയില്‍ ആശ്ചര്യമില്ല, എന്നാല്‍ സങ്കടമുണ്ട്. മഹാമാരിക്കാലത്ത് ജനത്തെ സഹായിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രയത്‌നത്തിന്റെ വില കളയുന്നതാണ് മുതിര്‍ന്ന നേതാക്കളുടെ പ്രചാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു.