കേരള സമരത്തിൽ പങ്കെടുക്കാത്ത കോൺഗ്രസ്സ് ഒറ്റപ്പെട്ടു , കെ.സിയുടെ ‘അജണ്ട’യിൽ നേതാക്കൾക്കും രോക്ഷം

രേന്ദ്ര മോദി സര്‍ക്കാറിനെതിരായി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ രാജ്യ തലസ്ഥാനത്ത് നടത്തിയ പ്രതിഷേധ സമരം ബി.ജെ.പിക്കു മാത്രമല്ല കോണ്‍ഗ്രസ്സിനും രാഷ്ട്രീയമായി വന്‍ തിരിച്ചടി ആയാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്.ഈ സമരത്തില്‍ പങ്കെടുക്കാതിരുന്നത് വലിയ അബദ്ധമായി പോയെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലും കരുതുന്നത്. പഞ്ചാബ് ഡല്‍ഹി മുഖ്യമന്ത്രിമാരും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയും ഡി.എം.കെ എന്‍.സി.പി പ്രതിനിധികളും ഉള്‍പ്പെടെ പ്രതിപക്ഷത്തെ 14 രാഷ്ട്രീയ പാര്‍ട്ടികളാണ് കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പങ്കെടുത്തിരിക്കുന്നത്.കോണ്‍ഗ്രസ്സ് ബഹിഷ്‌ക്കരിച്ച സമരത്തില്‍ കപില്‍ സിബല്‍ പങ്കെടുത്തതും കോണ്‍ഗ്രസ്സ് നേതൃത്വത്തിന് വന്‍ പ്രഹരമായിട്ടുണ്ട്.

പിണറായി നയിക്കുന്ന സമരത്തില്‍ പങ്കെടുക്കേണ്ടതില്ലന്ന് ആദ്യം തീരുമാനിച്ചത് കോണ്‍ഗ്രസ്സിന്റെ കേരള ഘടകമാണ്. യു.ഡി.എഫ് ഘടക കക്ഷികളെ കൊണ്ട് അത് അംഗീകരിപ്പിക്കാനും അവര്‍ക്ക് എളുപ്പത്തില്‍ സാധിച്ചിട്ടുണ്ട്. ഈ നിലപാട് കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനെ കൊണ്ട് അംഗീകരിപ്പിച്ചത് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണു ഗോപാല്‍ ഇടപ്പെട്ടു കൊണ്ടാണ്. സോണിയ ഗാന്ധിയിലും രാഹുല്‍ ഗാന്ധിയിലും സമ്മര്‍ദ്ദം ചെലുത്തിയാണ് ഈ നിലപാടിലേക്ക് ഹൈക്കമാന്റിനെ അദ്ദേഹം എത്തിച്ചിരുന്നത്.

മോദി സര്‍ക്കാറിനെതിരായ സമരത്തില്‍ നിന്നും കോണ്‍ഗ്രസ്സ് വിട്ടു നിന്നാല്‍ അത് ഇടതുപക്ഷം രാഷ്ട്രീയ ആയുധമാക്കുമെന്ന് കണ്ട് കോണ്‍ഗ്രസ്സ് ഭരിക്കുന്ന കര്‍ണ്ണാടക സര്‍ക്കാറിനെ കൊണ്ട് ഡല്‍ഹിയില്‍ സമരം നടത്തിച്ചതും കെ.സി വേണുഗോപാലിന്റെ ബുദ്ധിയായിരുന്നു. കേന്ദ്ര അവഗണനക്കെതിരായ കേരളത്തിന്റെ സമരത്തിന്റെ മുന്‍പു തന്നെ ഇതേ മുദ്രാവാക്യം ഉയര്‍ത്തി സമരം നടത്താന്‍ കര്‍ണ്ണാടക സര്‍ക്കാറിനു കഴിത്തെങ്കിലും ഒരൊറ്റ പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നടത്തിയ ആ സമരത്തില്‍ പങ്കെടുത്തിരുന്നില്ല.

ദേശീയ മാധ്യമങ്ങളും വലിയ പ്രാധാന്യം കര്‍ണ്ണാടകയുടെ സമരത്തിനു നല്‍കിയിരുന്നില്ല. എം.എല്‍.എമാരും മന്ത്രിമാരും പങ്കെടുത്ത കര്‍ണ്ണാടകയുടെ സമരത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാറും മാത്രമായിരുന്നു പ്രസംഗിച്ചിരുന്നത്. എന്നാല്‍ കേരളത്തിന്റെ സമരം ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ജനപങ്കാളിത്വത്തിലും സംഘാടനത്തിലും ഒരു പോലെ മികച്ചു നിന്ന സമരമായിരുന്നു അത്. ദേശീയ മാധ്യമങ്ങളും വലിയ രൂപത്തിലാണ് കേരള സര്‍ക്കാറിന്റെ സമരം റിപ്പോര്‍ട്ട് ചെയ്തത്. ഇതെല്ലാം തന്നെ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെതിരെ പൊതു അഭിപ്രായം രൂപപ്പെടാന്‍ വഴി ഒരുക്കുന്നതാണ്.

കേരളത്തിന്റെ പ്രതിഷേധത്തെ നിസാരവത്കരിക്കാന്‍ ചില മലയാള മാധ്യമങ്ങള്‍ ശ്രമം നടത്തിയപ്പോള്‍ ദേശീയ ചാനലുകള്‍ ഉള്‍പ്പെടെയാണ് തത്സമയം സംപ്രേഷണം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ എക്സ്പ്രസ് ടൈസ് ഓഫ് ഇന്ത്യ ഹിന്ദു തുടങ്ങിയ ദേശീയ പത്രങ്ങളെല്ലാം തന്നെ ഒന്നാം പേജില്‍ വലിയ പ്രാധാന്യത്തോടെയാണ് സമര വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഭൂരിപക്ഷ മലയാള മാധ്യമങ്ങള്‍ക്കും ഇതേ പാത പിന്തുടരേണ്ടി വന്നിട്ടുണ്ട്.

വ്യാഴാഴ്ച്ച പകല്‍ 10 മുതല്‍ തന്നെ കേരളാഹൗസിലും ജന്തര്‍മന്ദര്‍റോഡിലുമായി മലയാളി മാധ്യമങ്ങളുടെയും ദേശീയമാധ്യമങ്ങളുടെയും പ്രതിനിധികള്‍ തടിച്ചുകൂടിയിരുന്നു. മാധ്യമങ്ങളോട് സംസാരിച്ച മന്ത്രിമാരും എംഎല്‍എമാരും എല്ലാം തന്നെ മോദിസര്‍ക്കാര്‍ കേരളത്തിന് നേരെ പുലര്‍ത്തുന്ന വിവേചനങ്ങള്‍ അക്കമിട്ടാണ് നിരത്തിയിരുന്നത്. പകല്‍ 11ഓടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരും പ്രക്ഷോഭവേദിയിലേക്ക് നീങ്ങിയപ്പോള്‍ മാധ്യമങ്ങളും ഒപ്പമൊഴുകി. ഈ കാഴ്ചയൊന്നും കര്‍ണ്ണാടക സര്‍ക്കാറിന്റെ സമരത്തില്‍ ദൃശ്യമായിരുന്നില്ല.

ദേശീയമാധ്യമങ്ങള്‍ ഒന്നടങ്കം നേതാക്കളുടെ പ്രസംഗങ്ങള്‍ അപ്പപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. മിക്ക വാര്‍ത്താവെബ്സൈറ്റുകളും സമരം വലിയ തലക്കെട്ടില്‍ തന്നെ തല്‍സമയം പ്രസിദ്ധീകരിക്കുകയുണ്ടായി. ബിബിസി ടിആര്‍ടി വേള്‍ഡ് പോലെയുള്ള രാജ്യാന്തരമാധ്യമങ്ങളും പ്രതിഷേധവാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിയതും എടുത്തു പറയേണ്ട കാര്യമാണ്. മറ്റ് പ്രമുഖ ഇംഗ്ലീഷ്- ഹിന്ദി ചാനലുകളിലെല്ലാം തന്നെ കേരളത്തിന്റെ പ്രതിഷേധം പ്രധാന വാര്‍ത്തയായാണ് റിപ്പോര്‍ട്ട് ചെയ്തത്. ആജ്തക് പോലുള്ള ചാനലുകള്‍ ഈ സമരത്തില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനിന്നത് പ്രത്യേകം എടുത്തു പറഞ്ഞതും ശ്രദ്ധേയമായി.

ഒരു സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യതലസ്ഥാനത്ത് നടത്തുന്ന സമരത്തിന് ഇത്രയും പിന്തുണയും ഐക്യദാര്‍ഢ്യവും കിട്ടുന്നത് ഇത് ആദ്യ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. അതിന്റെ നേട്ടം പൂര്‍ണ്ണമായും ഇടതുപക്ഷം കൊണ്ടു പോകുമ്പോള്‍ വെട്ടിലായിരിക്കുന്നതിപ്പോള്‍ കോണ്‍ഗ്രസ്സും ആ പാര്‍ട്ടിയുടെ ദേശീയ നേതൃത്വവുമാണ്. ശ്രദ്ധിക്കപ്പെടാതെ പോകുന്ന സമരമായി ചിത്രീകരിച്ച് കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനെ കൊണ്ട് തീരുമാനമെടുപ്പിച്ച കെ.സി വേണുഗോപാലിനെതിരെയും കെ.പി.സി.സിക്ക് എതിരെയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയില്‍ തന്നെ പ്രതിഷേധം ശക്തമാണ്. കേരള നേതാക്കളുടെ നിലപാട് അനുസരിച്ച് പ്രവര്‍ത്തിക്കാനാണെങ്കില്‍ പിന്നെ എന്തിനാണ് ഹൈക്കമാന്റ് എന്നാണ് അവര്‍ ചോദിക്കുന്നത്.

ഇടതുപാര്‍ട്ടികളും…ആം ആദ്മി പാര്‍ട്ടിയും ഡി. എം. കെയും ഉള്‍പ്പെട്ടെ ഒരു പ്രതിപക്ഷ ചേരിയുണ്ടാകാന്‍ കേരളത്തിന്റെ സമരം വഴിയൊരുക്കി എന്നതാണ് ഈ വിഭാഗത്തിന്റെ വിലയിരുത്തല്‍. അതിന് വഴിയൊരുക്കിയ കെ.സി വേണുഗോപാലിനോട് ഇപ്പോള്‍ സോണിയ ഗാന്ധിക്കും കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യ മുന്നണിയിലെ പ്രധാന പാര്‍ട്ടികളായ തൃണമൂല്‍ കോണ്‍ഗ്രസ്സും സമാജ് വാദി പാര്‍ട്ടിയും ആര്‍.ജെ.ഡിയും കോണ്‍ഗ്രസ്സ് നേതൃത്വത്തെ അംഗീകരിക്കുന്നില്ല. ഇതോടൊപ്പം ഇടതുപക്ഷവും ആം ആദ്മി പാര്‍ട്ടിയും ഡി.എം.കെയും കൂടി കൈവിട്ടാല്‍ പ്രതിപക്ഷ മുന്നണിയില്‍ കോണ്‍ഗ്രസ്സ് ശരിക്കും ഒറ്റപ്പെട്ടുപ്പോകും. ഡല്‍ഹി സമരത്തില്‍ നിന്നും വിട്ടു നിന്നതോടെ . അതിനുള്ള സാധ്യതയാണിപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

EXPRESS KERALA VIEW

Top