ന്യൂഡല്‍ഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. 403 സീറ്റിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തന്നെ മത്സരിപ്പിക്കുമെന്ന നിര്‍ണായക പ്രഖ്യാപനമാണ് പ്രിയങ്കയുടേത്. സഖ്യം വേണ്ടെന്ന പ്രവര്‍ത്തകരുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം.
44 ശതമാനം വനിതാ പ്രാതിനിധ്യം ആയിരിക്കുമെന്നും പ്രിയങ്ക അറിയിച്ചു. ബുലന്ദേശ്വറില്‍ കോണ്‍ഗ്രസ് പ്രതിജ്ഞ സമ്മേളനത്തിനിടെ നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പ്രഖ്യാപനം. ഇതോടെ കോണ്‍ഗ്രസ് സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുകയാണ്. പ്രിയങ്ക ഇതിനകം തന്നെ ഉത്തര്‍പ്രദേശില്‍ സജീവമാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പല ഭാഗങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞു.
ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന നിര്‍ദേശവും പ്രിയങ്ക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ചു. ഒപ്പം സോഷ്യല്‍മീഡിയയില്‍ പാര്‍ട്ടി സജീവമാകണമെന്നും ആവശ്യപ്പെട്ടു.