പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും: എം.കെ.രാഘവന്‍ എം.പി

കോഴിക്കോട്: അനുമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും നവംബര്‍ 23ന് കോഴിക്കോട്ട് പരിപാടി നടത്തും, പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് എം.കെ.രാഘവന്‍ എം.പി. കോഴിക്കോട് കടപ്പുറത്ത് തന്നെയാണ് പരിപാടി നടത്തുക. ശശി തരൂര്‍ ഉള്‍പ്പടെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐക്യദാര്‍ഢ്യ പരിപാടിക്കായി വേദി ആവശ്യപ്പെട്ടപ്പോള്‍ ജില്ലാഭരണകൂടം ആദ്യം അനുകൂല നിലപാടാണ് സ്വീകരിച്ചത്. പണം അടയ്ക്കാന്‍ ചെന്നപ്പോളാണ് കടപ്പുറത്ത് വേദി അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാട് അറിയിച്ചത്. ഇത് തീര്‍ത്തും രാഷ്ട്രീയപരമാണ്. പലസ്തീന്‍ പരിപാടി നടത്തുന്നില്ലായെന്ന് വിമര്‍ശിക്കുന്ന സി.പി.എം, ഇതിന് വേദി അനുവദിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ നിഷേധിക്കുന്നു. ഇത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണെന്നും രാഘവന്‍ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് നവംബര്‍ 23-ന് കോണ്‍ഗ്രസ് നടത്താനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.

മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാര്‍ വരാനിരിക്കുന്ന ചടങ്ങ് ബീച്ചില്‍ നടക്കേണ്ടതാണെന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ചാണ് അനുമതി നിഷേധിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സിന്റെ പേരിലാണ് അനുമതി നിഷേധിച്ചത് എന്നാണ് വിശദീകരണം. 50000-ത്തോളം പേരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാനായിരുന്നു കെ.പി.സി.സി നിശ്ചയിച്ചിരുന്നത്. പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ല എന്ന വിമര്‍ശനം സി.പി.എം. ഉള്‍പ്പടെ ഉയര്‍ത്തുന്നതിനിടെ നടത്തുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.

Top