കോണ്‍ഗ്രസ് അവിടെ തന്നെ റാലി നടത്തും, സിപിഎമ്മിന് മറ്റാരും റാലിനടത്തരുതെന്ന ധാര്‍ഷ്ട്യം; രമേശ് ചെന്നിത്തല

ആലപ്പുഴ: കോഴിക്കോട് ഡിസിസി നടത്തുന്ന പലസ്തീന്‍ റാലിക്ക് അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നടപടി സിപിഎമ്മിന്റെ രാഷ്ട്രീയക്കളി. തങ്ങളല്ലാതെ മറ്റാരും റാലി നടത്തരുതെന്ന ധാര്‍ഷ്ട്യമാണ് സിപിഎമ്മിന്. എന്നാല്‍ കോണ്‍ഗ്രസ് അവിടെ തന്നെ റാലി നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പലസ്തീന്‍ ജനതയ്ക്ക് ആദ്യം മുതലേ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് കോണ്‍ഗ്രസാണ്. ഈ വിഷയത്തില്‍ ആശയകുഴപ്പമുള്ളത് സിപിഎമ്മിനാണ്. പരിപാടിയിലേക്ക് ശശി തരൂരിനെ ക്ഷണിക്കണോയെന്ന് കെപിസിസി തീരുമാനിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മത്സരിച്ചാല്‍ പാട്ടുംപാടി ജയിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പലസ്തീന്‍ റാലിക്ക് വേദി നിഷേധിച്ചതില്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അതേസമയം പരിപാടിക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് വിശദീകരിച്ച് കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് രംഗത്ത് വന്നു. നവ കേരള സദസിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് വേദി നിഷേധിച്ചത്. കോഴിക്കോട് ബീച്ചില്‍ തന്നെ മറ്റൊരിടത്ത് പരിപാടി നടത്താവുന്നതാണ്. നവകേരള സദസ്സിന്റെ സ്റ്റേജ് ഒരുക്കാനും മറ്റും ആവശ്യമായ സ്ഥലത്ത് റാലി നടത്തരുതെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും കളക്ടര്‍ പ്രതികരിച്ചു.

Top