കോണ്‍ഗ്രസിന്റെ ജനകീയ മുഖമായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചതിച്ച കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോണ്‍ഗ്രസിന്റെ അന്തകവിത്തുകളാകുമോ എന്ന ആശങ്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പരക്കുന്നു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയിട്ടല്ല വലിയ സോഷ്യല്‍ മീഡിയ ക്യാമ്പയിനുകള്‍ക്കൊടുവിലാണ് കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റാകുന്നത്. സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്നാവശ്യവുമായി ഫ്ളക്സുകളും വരെ ഉയര്‍ത്തിയിരുന്നു. ഇടതുമുന്നണിക്ക് തുടര്‍ഭരണം കിട്ടിയപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി പിന്തുണച്ചത് രമേശ് ചെന്നിത്തലയെ ആയിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായ ടി. സിദ്ദിഖ് വി.ഡി സതീശനൊപ്പം നിന്നും. എന്നാല്‍ കൂടുതല്‍ എം.എല്‍.എമാരുടെ പിന്തുണ ചെന്നിത്തലക്കായിരുന്നു. നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമുള്ള നേതാവിനെ പ്രതിപക്ഷനേതാവാക്കുക എന്ന കോണ്‍ഗ്രസിലെ കീഴ്വഴക്കം അട്ടിമറിച്ച് എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പിന്തുണയില്‍ വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവുകയായിരുന്നു.
സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായതോടെ പുനസംഘടനയില്‍ പാര്‍ട്ടി പിടിക്കാനുള്ള നീക്കമാണ് സുധാകരനും സതീശനും ചേര്‍ന്ന് നടത്തിയത്. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി നല്‍കിയ എ ഗ്രൂപ്പ് നോമിനികളുടെ പേരുവെട്ടി പകരം എ ഗ്രൂപ്പില്‍ നിന്നും അടര്‍ത്തിയെടുത്തവരെ വെക്കുന്ന ചതിയാണ് ആദ്യം ചെയ്തത്.
മലപ്പുറത്ത് ഉമ്മന്‍ചാണ്ടി പറഞ്ഞ ആര്യാടന്‍ ഷൗക്കത്തിനെ വെട്ടി പകരം പഴയഎ ഗ്രൂപ്പുകാരനായ വി.എസ് ജോയിയെ വെച്ചു. കോട്ടയത്തടക്കം ഉമ്മന്‍ചാണ്ടിയുടെ നോമിനിയെ വെട്ടി തിരുവഞ്ചൂരിന്റെ നോമിനിയെയാണ് വച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന് നിലമ്പൂരിലെ നിയമസഭാ സീറ്റ് നിഷേധിച്ചപ്പോള്‍ പകരം മലപ്പുറം ഡി.സി.സി പ്രസിഡന്റാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേവലം 21 ദിവസംകൊണ്ട് ഷൗക്കത്തിനെ മാറ്റി നിലമ്പൂരില്‍ മത്സരിച്ച വി.വി പ്രകാശിനെ തന്നെ ഡി.സി.സി പ്രസിഡന്റാക്കി. ഇത് മര്യാദയായില്ലെന്ന നിലപാടായിരുന്നു ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നത്. അതിനാല്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടന്‍ ഷൗക്കത്തിന്റെ പേര് തന്നെയായിരുന്നു ഉമ്മന്‍ചാണ്ടി ശക്തമായി നിര്‍ദ്ദേശിച്ചത്.
ഡി.സി.സി പ്രസിഡന്റുമാരുടെ പുനസംഘടനയില്‍ തഴയപ്പെട്ടതോടെ കോണ്‍ഗ്രസില്‍ സംഘടനാതെരഞ്ഞെടുപ്പാണ് വേണ്ടതെന്ന് ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വം എ ഗ്രൂപ്പ് പിടിക്കുമെന്നായതോടെ സുധാകര- സതീശന്‍ ദ്വയം ആ നീക്കത്തിനും പാരവെക്കുകയായിരുന്നു. ഡി.സി.സി പ്രസിഡന്റുമാരെ നിയമച്ചതിലെ ചതിയെതുടര്‍ന്ന് കെ.പി.സി.സി മെമ്പര്‍മാരുടെ പട്ടികയായി എഴുതിതരുന്നില്ലെന്നും അവരുടെ പേരുകള്‍ പറയാമെന്നും എ.ഐ.സി.സിക്ക് നല്‍കുമുമ്പ് പട്ടികകാണിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനെയും അറിയിച്ചു.
സുധാകരനും സതീശനും താരീഖ് അന്‍വറും ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. കോഴിക്കോട് ചിന്തശിബിര്‍ ദിവസം പട്ടികനല്‍കാമെന്ന് ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. ആരോഗ്യപ്രശനങ്ങള്‍ അവഗണിച്ചും ഉമ്മന്‍ചാണ്ടി ചിന്തന്‍ ശിബിരിനെത്തി പക്ഷേ പട്ടിക കൈമാറിയില്ല. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ അടുത്തദിവസം ശിബിറിനെത്താനാവില്ലെന്നും കെ.സി ജോസഫിന് പട്ടിക കാണിച്ചുകൊടുത്താല്‍ മതിയന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പക്ഷേ കെ.സി ജോസഫിനെപ്പോലും കാണിക്കാതെ ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പു പറഞ്ഞവരെ കൂട്ടത്തോടെ വെട്ടി പകരക്കാരെ തിരുകിക്കയറ്റി കെ.പി.സി.സി മെമ്പര്‍മാരെ പ്രഖ്യാപിച്ചു. ഇതില്‍ പ്രതിഷേധിച്ച് കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി നിര്‍ദ്ദേശിക്കുന്ന കെ.പി.സി.സി യോഗത്തിന് ഉമ്മന്‍ചാണ്ടി എത്തിയില്ല.
ബംഗളൂരില്‍ ചികിത്സയിലിരിക്കെ അവസാനമായി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത് മുന്‍ പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവ് ലത്തീഫ് എന്നിവര്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്നായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മരണ ശേഷം ഇതുവരെയായിട്ടും നടപടി പിന്‍വലിക്കാന്‍പോലും തയ്യാറായിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ മരണ ശേഷം നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയോടുള്ള നാട്ടുകാരുടെ സ്നേഹവായ്പാണ് ചാണ്ടി ഉമ്മന് മികച്ച വിജയം നേടിക്കൊടുത്തത്.
പക്ഷേ വിജയശില്‍പികളാകാന്‍ ചാനല്‍ കാമറക്ക് മുന്നില്‍ സുധാകരനും സതീശനും നടത്തിയ കിടമത്സരം കോണ്‍ഗ്രസുകാരെ തന്നെ നാണം കെടുത്തിയിരുന്നു. സുധാകരനും സതീനും തമ്മിലുള്ള തര്‍ക്കം ആദ്യം തീര്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തകസമിതി അംഗവുമായ എ.കെ ആന്റണിക്ക് തന്നെ തുറന്നടിക്കേണ്ടി വന്നു. തമ്മില്‍ ഐക്യമില്ലെങ്കിലും അണികളെ എങ്കിലും ബോധ്യപ്പെടുത്തണമെന്നാണ് ആന്റണി. നിങ്ങള്‍ക്ക് എന്ത് തോന്നിയാലും എനിക്ക് പ്രശ്നമില്ലെന്നും ആന്റണി വ്യക്തമാക്കിയിരുന്നു.
ഒന്നിച്ചു നില്‍ക്കുമ്പോഴും അടുത്ത മുഖ്യമന്ത്രി സ്ഥാനം സ്വപ്നംകാണുന്ന സതീശനും സുധാകരനും തമ്മില്‍ കിടമത്സരം ശക്തമാണ്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ വി.ഡി സതീശന്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നപ്പോള്‍ സുധാകരന്‍ സംഘാടനാചുമതലയുളള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണനെ അവിടേക്കയച്ചിരുന്നു. രാധാകൃഷ്ണനെ കണ്ടതോടെ യോഗം അവസാനിപ്പിച്ച് നേതാക്കള്‍ സ്ഥലംവിടുകയായിരുന്നു.
തന്നെ കാണീനെത്തിയ നേതാക്കളുമായി സംസാരിച്ചതാണെന്നായിരുന്ന ഇതില്‍ സതീശന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണം. എന്നാല്‍ കോണ്‍ഗ്രസില്‍ 1992ന് ശേഷം സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. മെമ്പര്‍ഷിപ്പ് ചേര്‍ത്തി റിട്ടേണിങ് ഓഫീസര്‍മാരെ വരെ നിയമിച്ച ശേഷം സമവായത്തിന്‍ നോമിനേഷന്‍ നടത്തുകയാണ് പതിവ്. സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയല്ല കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായത്. നിലവിലെ കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വരയായിരുന്നു കേരളത്തിലെ റിട്ടേണിങ് ഓഫീസര്‍. സംഘടനാ തെരഞ്ഞെടുപ്പ് നടത്താതെയാണ് സുധാകരനെ കെ.പി.സി.സി പ്രസിഡന്റായത്.
ഏതെങ്കിലും കോണ്‍ഗ്രസ് അംഗം കോടതിയെ സമീപിച്ചാല്‍ സുധാകരന്റെ പ്രസിഡന്റ് സ്ഥാനം തെറിക്കും. കോണ്‍ഗ്രസില്‍ ആര്യാടന്‍ മുഹമ്മദിനൊപ്പം നിന്ന എ ഗ്രൂപ്പിന്റെ ഉറച്ച കോട്ടയായിരുന്നു മലപ്പുറം. കെ.കരുണാകരന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്നപ്പോള്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ആര്യാടന്റെ കോട്ട ഇളക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരേ സമയം സി.പി.എമ്മിനോടും മുസ്ലിംലീഗിനോടും പടവെട്ടിയാണ് ആര്യാടന്‍ മലപ്പുറത്ത് കോണ്‍ഗ്രസിനെ വളര്‍ത്തിയത്. മലപ്പുറവും കോഴിക്കോടും വയനാടും ചേര്‍ന്ന അവിഭക്ത കോഴിക്കോട് ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന ആര്യാടനാണ് 1969തില്‍ മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ ആദ്യത്തെ കോണ്‍ഗ്രസിന്റെ മലപ്പുറത്തെ ഡി.സി.സി പ്രസിഡന്റായത്.
അബ്ദുറഹിമാന്‍ സാഹിബിന്റെ പേരില്‍ ഡി.സി.സി ഓഫീസുണ്ടാക്കിയതും ലീഗിന്റെ കോട്ടയായ മലപ്പുറത്ത് ലീഗിനോടും സി.പി.എമ്മിനോടും പടവെട്ടി കോണ്‍ഗ്രസിനെ വളര്‍ത്തിയത് ആര്യാടനായിരുന്നു. 1992ല്‍ എ.കെ ആന്റണിയും വയലാര്‍രവിയും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സംഘടനാതെരഞ്ഞെടുപ്പില്‍ ജില്ലയിലെ 28 കെ.പി.സി.സി അംഗങ്ങളില്‍ 22 പേരും എ ഗ്രൂപ്പിനായിരുന്നു. 28 ബ്ലോക്ക് പ്രസിഡന്റുമാരില്‍ 23 പേരും ആര്യാടനൊപ്പം നിന്നവരായിരുന്നു. മണ്ഡലം പ്രസിഡന്റുമാരിലും മൃഗീയഭൂരിപക്ഷം എ ഗ്രൂപ്പിനായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പില്ലാതെ ഭാരവാഹികളെ നാമനിര്‍ദ്ദേശം ചെയ്യുമ്പോഴും ഈ പാറ്റേണിലായിരുന്നു വീതം വെപ്പ്.
എല്ലാ പ്രധാന പ്രവര്‍ത്തകരുമായും കൂടിയാലോചിച്ച് ഭൂരിപക്ഷത്തിന്റെ തീരുമാനം മാനിച്ച് പ്രവര്‍ത്തനപാരമ്പര്യവുമെല്ലാം പരിഗണിച്ച് പാര്‍ട്ടിയുടെ താല്‍പര്യം സംരക്ഷിച്ചായിരുന്നു ഭാരവാഹികളെ ആര്യാടന്‍ കണ്ടെത്തിയിരുന്നു. ആര്യാടന്റെ മരണശേഷം ആര്യാടനൊപ്പം നിന്നവരെ കൂട്ടത്തോടെ വെട്ടിനിരത്താനാണ് എ.പി അനില്‍കുമാര്‍ എം.എല്‍.എയും ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയും ശ്രമിച്ചത്. പുനസംഘടനക്ക് മുമ്പ് 32 ബ്ലോക്ക് പ്രസിഡന്റുമാരില്‍ 24പേരും ആര്യാടനൊപ്പമുള്ളവരായിരുന്നു.
കെ.പി.സി.സിയുടെ മാനദണ്ഡങ്ങള്‍പോലും കാറ്റില്‍പ്പറത്തി കൂട്ടത്തോടെ വെട്ടിനിരത്തി നിലവില്‍ 9 പേരെ മാത്രമാണ് എ ഗ്രൂപ്പിന് നല്‍കിയത്. ജില്ലാതല സമവായ കമ്മിറ്റി ഐക്യകണ്ഠേന നിര്‍ദ്ദേശിച്ച 100 മണ്ഡലം പ്രസിഡന്റുമാരുടെ പട്ടികയില്‍ നിന്നും 14 പേരെ വെട്ടി അനില്‍കുമാര്‍ സ്വന്തക്കാരെ തിരുകിക്കയറ്റി. തര്‍ക്കത്തിലുണ്ടായിരുന്ന 9 ഇടങ്ങളില്‍ ഒരു ചര്‍്ചയുമില്ലാതെ പ്രഖ്യാപനം നടത്തുകയും ചെയ്തു. ഇതിനെതിരെ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ എ വിഭാഗത്തിലെ ഡി.സി.സി ഭാരവാഹികളും ബ്ലോക്ക് പ്രസിഡന്റുമാരടക്കം ജില്ലയിലെ മുതിര്‍ന്ന 40 നേതാക്കള്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ നേരില്‍കണ്ട് പരാതി നല്‍കിയിരുന്നു.
തര്‍ക്കമുള്ള സ്ഥലങ്ങളില്‍ മണ്ഡലം പ്രസിഡന്റുമാര്‍ സ്ഥാനമേല്‍ക്കരുതെന്ന് സുധാകരന്‍, എ.പി അനില്‍കുമാര്‍ എം.എല്‍.എയെയും വി.എസ് ജോയിയെയും ഫോണില്‍വിളിച്ച് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഇത് മാനിക്കാതെ തര്‍ക്കമുള്ള സ്ഥലങ്ങളില്‍ മാത്രം മണ്ഡലം പ്രസിഡന്റുമാരെ ചുമതലയേല്‍പ്പിക്കുകയായിരുന്നു അനില്‍കുമാര്‍ വിഭാഗം. ഇതോടെയാണ് ഒക്ടോബര്‍ 21ന് ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഡ്യറാലിയും ജനസദസും നടത്താന്‍ എ ഗ്രൂപ്പ് തീരുമാനിച്ചത്. ആര്യാടന്‍ ഫൗണ്ടേഷന്റെ പരിപാടി പൊളിക്കാന്‍ ഡി.സി.സി ഭാരവാഹികളുടെ യോഗം പോലും ചേരാതെയാണ് മലപ്പുറം ഡി.സി.സി ഒക്ടോബര്‍ 30ന് പലസ്തീന്‍ ഐക്യദാര്‍ഡ്യ സമ്മേളനം പ്രഖ്യാപിച്ചത്.
ഡി.സി.സി യോഗം ചേരാതെ പാര്‍ട്ടിപരിപാടി നടത്തുന്നതിനെതിരെ ഡി.സി.സി ഭാരവാഹികള്‍ കെ.പി.സി.സി നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു. കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്ത പലസ്തീന്‍ ഐക്യദാര്‍ഡ്യസമ്മേളനം അനില്‍കുമാര്‍-ജോയി വിഭാഗത്തിന്റെ ശക്തിപ്രകടനമാക്കാനാണ് തീരുമാനിച്ചത്. മലപ്പുറം ടൗണ്‍ഹാളിന്റെ മുറ്റത്ത് വേദിയൊരുക്കിയ പരിപാടിില്‍ അഞ്ഞൂറോളം പ്രവര്‍ത്തകരെമാത്രമേ എത്തിക്കാനായുള്ളൂ. ആളില്ലാത്തതിനാല്‍ റാലി ഒഴിവാക്കി സമ്മേളം മാത്രമാക്കി ഒതുക്കി. ആര്യാടന്‍ ഷൗക്കത്തും എ വിഭാഗം നേതാക്കളും പരിപാടിക്കെത്തിയതോടെ ബഹിഷ്‌ക്കരിച്ചാന്‍ നടപടി എടുക്കാനുള്ള നീക്കമാണ് പൊളിഞ്ഞത്.
നവംബര്‍ മൂന്നിന് ആര്യാടന്‍ ഫൗണ്ടേഷന്റെ പല്സ്തീന്‍ ഐക്യദാര്‍ഡ്യറാലിയും ജനസദസും വിഭാഗീയ പ്രവര്‍ത്തനമാണെന്ന് പറഞ്ഞ് വിലക്കിയത് തലേന്ന് രാത്രിയാണ്. പരിപാടി നടത്തിയാല്‍ അച്ചടക്ക നടപടിയെടുക്കുമെന്ന് ആര്യാടന്‍ ഷൗക്കത്തിന് കെ.പി.സി.സി നേതൃത്വം കത്തും നല്‍കി. എ.പി അനില്‍കുമാറും വി.എസ് ജോയിയും പ്രാദേശിക തലങ്ങളില്‍ വരെ നേതാക്കളോട് പരിപാടിയില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമന്ന ഭീഷണിയും നടത്തി. ഒരു ഫ്ളെക്സോ, പോസ്റ്ററോ പതിക്കാതെ കൂപ്പണ്‍പിരിവില്ലാതെയാണ് പരിപാടി നടത്തിയത്. കെ.പി.സി.സി നേതൃത്വത്തെ വരെ ഞെട്ടിച്ച് പതിനായിരത്തിലേറെ പ്രവര്‍ത്തകരാണ് പരിപാടിക്കായി മലപ്പുറത്തേക്ക് ഒഴുകിയെത്തിയത്.
ഖദര്‍ ചുളിയാന്‍ സമ്മതിക്കാത്ത കോണ്‍ഗ്സുകാര്‍ കോരിച്ചൊരിയുന്ന മഴനനഞ്ഞാണ് ഒന്നര കിലോമീറ്റര്‍ദൂരം റാലി നടത്തിയത്. സ്ത്രീകളടക്കമുള്ളവര്‍ മഴനനഞ്ഞും പ്രകടനത്തിനൊപ്പം കൂടി. റാലി അവസാനിച്ചപ്പോഴും നാലായിരത്തോളം പേര്‍ മലപ്പുറം ടൗണ്‍ഹാളിലുണ്ടായിരുന്നു. റാലി തുടങ്ങിയ ശേഷം എത്തിയവരും പ്രായം ചെന്നവരും സ്ത്രീകളുമടങ്ങുന്ന ഇവരെ ചേര്‍ത്ത് ടൗണ്‍ഹാളില്‍ രണ്ടാമത്തെ ജനസദസും നടത്തി. ആര്യാടന്‍ ഷൗക്കത്തടക്കമുള്ളവര്‍ പ്രസംഗിച്ച് പലസ്തീന്‍ ഐക്യദാര്‍ഡ്യ പ്രതിജ്ഞയും ചൊല്ലിയാണ് ഇവര്‍ പിരിഞ്ഞത്.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് 6 ജില്ലകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അണിനിരത്തി സെക്രട്ടറിയേറ്റ് വളയല്‍ സംഘടിപ്പിച്ചിട്ടും പതിനായിരം പ്രവര്‍ത്തകരെപ്പോലും കെ.പി.സി.സിക്ക് അണിനിരത്താന്‍ കഴിഞ്ഞിരുന്നില്ല. പാര്‍ട്ടി വിലക്കുള്ളതിനാല്‍ നടപടിയെടുത്താന്‍ നേരിടാനുറച്ചെത്തിയ പതിനായിരത്തിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കോരിച്ചൊരിയുന്ന മഴയും അവഗണിച്ച് മലപ്പുറത്ത് ആര്യാടന്‍ ഫൗണ്ടേഷന്റെ പരിപാടിക്കെത്തിയത്. മലപ്പുറത്ത് ഭൂരിപക്ഷം കോണ്‍ഗ്രസുകാരുടെയും പിന്തുണ ആര്യാടന്‍ ഷൗക്കത്തിനാണെന്നു തെളിഞ്ഞതോടെ ഇനി ഷൗക്കത്തിനെതിരെ നടപടിയെടുത്താന്‍ അത് കോണ്‍ഗ്രസിന് തിരിച്ചടിയാകും.
റിപ്പോര്‍ട്ട്: പി.ആർ സരിൻ