കേന്ദ്ര ധവളപത്രത്തിനെതിരെ ‘ബ്ലാക്ക് പേപ്പറു’മായി കോണ്‍ഗ്രസ്

ഡല്‍ഹി: നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ 10 വര്‍ഷങ്ങളായി തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ കേന്ദ്രം അവഗണിക്കുന്നതായും ബിജെപി ഇതര സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷകരുടെ ദുരിതം തുടങ്ങിയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ‘ബ്ലാക്ക് പേപ്പര്‍’ അദ്ദേഹം പുറത്തിറക്കി. യുപിഎ സര്‍ക്കാരിന്റെയും നരേന്ദ്ര മോദി സര്‍ക്കാരിന്റെയും കാലത്തെ സാമ്പത്തിക വളര്‍ച്ച താരതമ്യപ്പെടുത്തുന്ന ധവളപത്രം ലോക്സഭയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

‘തൊഴിലില്ലായ്മ എന്ന പ്രധാന പ്രശ്‌നത്തെ ഞങ്ങള്‍ ഉയര്‍ത്തികാട്ടുകയാണ്. ബിജെപി ഒരിക്കലും ഇതിനെക്കുറിച്ച് സംസാരിക്കുകയില്ല. കേരളവും കര്‍ണാടകയും തെലങ്കാനയും പോലുള്ള ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാരിന് വിവേചനമുണ്ട്,’ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ബിജെപി സര്‍ക്കാര്‍ ജനാധിപത്യം നശിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയിലൂടെയാണ് പോകുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 411 എംഎല്‍എമാരെയാണ് ബിജെപി പിടിച്ചെടുത്തത്. അവര്‍ നിരവധി കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിച്ചു,’ ഖാര്‍ഗെ പറഞ്ഞു.

Top