കൈവിട്ട കൈപ്പത്തിക്ക് ‘കൈ’ കൊടുപ്പിച്ച് ആര്യാടൻ, നെയ്യാറ്റിൻകര മോഡൽ വിജയം !

Aryadan Muhammad

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എ നേരിട്ടുനയിച്ച തെരഞ്ഞെടുപ്പ് പ്രചരണത്തെ മറികടന്ന് എം.സ്വരാജ് എം.എല്‍.എയുടെ ജന്‍മനാട്ടില്‍ നെയ്യാറ്റിന്‍കര മോഡലില്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ നിലമ്പൂരിലെ പോത്തുകല്‍ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്.

സി.പി.എം അംഗം സി.എച്ച് സുലൈമാന്‍ഹാജിയെ രാജിവെപ്പിച്ച് സ്വതന്ത്രനായി മത്സരിപ്പിച്ച് 167വോട്ടിന് വിജയിപ്പിച്ചാണ് ആര്യാടന്‍ തന്ത്രം കോണ്‍ഗ്രസിന് പഞ്ചായത്ത് ഭരണം വീണ്ടെടുത്തു നല്‍കിയത്. കഴിഞ്ഞ തവണ സി.പി.എം സ്ഥാനാര്‍ത്ഥിയായ 64 വോട്ടിനു വിജയിച്ച സുലൈമാന്‍ഹാജി ഇത്തവണ യു.ഡി.എഫ് ക്യാമ്പില്‍ 167 വോട്ടിന്റെ തിളക്കമാര്‍ന്ന വിജയമാണ് നേടിയത്.

സി.പി.എം എം.എല്‍.എയായിരുന്ന സെല്‍വരാജിനെ രാജിവെപ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ച് നെയ്യാറ്റിന്‍കരയില്‍ നിന്നും വിജയിപ്പിച്ച സമാന തന്ത്രം തന്നെയാണ് പോത്തുകല്ലിലും പയറ്റിയത്.

പി.വി അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന പ്രചരണത്തിലാണ് മാസങ്ങള്‍ക്ക് മുമ്പ് ഞെട്ടിക്കുളം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ സി.പി.എമ്മിലെ രജനിയെ വിജയിപ്പിച്ച് സി.പി.എം പഞ്ചായത്ത് ഭരണം പിടിച്ചത്. കോണ്‍ഗ്രസിലെ താര അനില്‍ മരണപ്പെട്ട ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഇതോടെ 18 അംഗ ബോര്‍ഡില്‍ ഒമ്പതു സീറ്റുണ്ടായിരുന്ന യു.ഡി.എഫ് കക്ഷിനില എട്ടായി ചുരുങ്ങുകയും ഇടതുപക്ഷം ഒമ്പതു സീറ്റായി ഉയരുകയും ചെയ്തു.

എം.എല്‍.എയുടെ വിശ്വസ്ഥനായ സി.സുഭാഷിനെ പഞ്ചായത്തു പ്രസിഡന്റാക്കി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ലോക്കല്‍ കമ്മിറ്റി അംഗം സി.എച്ച് സുലൈമാന്‍ഹാജിയെ വെട്ടിയാണ് സുഭാഷിനെ പ്രസിഡന്റാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ നിലപാടെടുത്തതില്‍ സുലൈമാന്‍ഹാജിയെ വെട്ടി പകപോക്കുകയായിരുന്നു. ഇതോടെ സുലൈമാന്‍ഹാജി പാര്‍ട്ടി അംഗത്വവും പഞ്ചായത്തംഗത്വവും രാജിവെച്ചു.

ഇടഞ്ഞുനിന്ന സുലൈമാന്‍ ഹാജിയെ മെരുക്കി ആര്യാടന്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കി. പോത്തുകല്ലില്‍ മൂന്നുചേരിയായി നിന്ന കോണ്‍ഗ്രസ് നേതൃത്വത്തെ ഒരുമിച്ച് അണിനിര്‍ത്താന്‍ ആര്യാടന്‍ ഷൗക്കത്തും രംഗത്തിറങ്ങി. പഞ്ചായത്ത് ഭരണം പിടിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന പോത്തുകല്‍ സഹകരണബാങ്ക് പിടിക്കാനും എം.എല്‍.എയുടെ നേതൃത്വത്തില്‍ നീക്കമുണ്ടായി. ഒന്നിച്ചു നിന്ന് മത്സരിച്ച് ഈ തന്ത്രത്തെയും ചെറുത്ത് ബാങ്ക് ഭരണം കോണ്‍ഗ്രസിനു നിലനിര്‍ത്താനും തുണയായത് ആര്യാടന്‍ തന്ത്രമാണ്.

നിലമ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന വാശിയേറിയ മത്സരമായിരുന്ന പോത്തുകല്‍ ഉപതെരഞ്ഞെടുപ്പിലും. പി.വി അന്‍വര്‍ എം.എല്‍.എ ഇടതുസ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ സ്വന്തം പടംവെച്ച് ആര്യാടന്‍മാരെ ആക്രമിച്ച് അഭ്യര്‍ത്ഥന നോട്ടീസ് ഇറക്കി. മുന്‍ മന്ത്രിമാരായ പാലോളി മുഹമ്മദ്കുട്ടി, ടി.കെ ഹംസ എന്നിവരും ഡി.വൈ.എഫ്.ഐ നേതാവ് എം. സ്വരാജും സജീവമായി പ്രചരണരംഗത്തിറങ്ങി.

സ്വരാജിന്റെ ജന്‍മനാടുകൂടിയായ പോത്തുകല്ലില്‍ അന്‍വറും സ്വരാജും ചേര്‍ന്നുള്ള പ്രചരണവും ആവേശം വിതറിയിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് അടക്കമുള്ളവരും പ്രചരണത്തിനെത്തി. യു.ഡി.എഫ് പ്രചരണം ഏകോപിപ്പിച്ചത് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദായിരുന്നു. സംസ്‌ക്കാര സാഹിതി അധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വീടുകള്‍ കയറി വോട്ടുചോദിച്ചു. എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, പി.കെ ബഷീര്‍, ഡി.സി.സി പ്രസിഡന്റ് വി.വിപ്രകാശ് എന്നിവരും എത്തിയിരുന്നു.

പോത്തുകല്ലില്‍ പോള്‍ ചെയ്ത 911 വോട്ടില്‍ യു.ഡി.എഫിലെ സി.എച്ച് സുലൈമാന്‍ഹാജി 517 വോട്ടും സി.പി.എമ്മിലെ അബൂബക്കര്‍ സിദ്ദിഖ് 350 വോട്ടും ബി.ജെ.പിയിലെ ശരത് 25 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുലൈമാന്‍ഹാജിയുടെ അപരന്‍ 19 വോട്ടും നേടി.

റിപ്പോര്‍ട്ട് : എം വിനോദ്

Top