ന്യൂഡൽഹി : കോൺഗ്രസിലെ ഏറ്റവും ഉയർന്ന സംഘടനാ വേദിയായ പ്രവർത്തകസമിതിയെ പ്രഖ്യാപിച്ചു. കേരളത്തിൽനിന്ന് ശശി തരൂരിനെ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തി. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പ്രവർത്തക സമിതി അംഗമായ മുതിർന്ന നേതാവ് എ.കെ.ആന്റണിയെ നിലനിർത്തി.
കെ.സി.വേണുഗോപാലും പട്ടികയിലുണ്ട്. ആകെ 39 അംഗ പ്രവർത്തക സമിതിയാണ് പ്രഖ്യാപിച്ചത്. ഇവർക്കു പുറമെ 32 സ്ഥിരം ക്ഷണിതാക്കളും 9 പ്രത്യേക ക്ഷണിതാക്കളുമുണ്ട്. പ്രത്യേക ക്ഷണിതാക്കൾക്കൊപ്പം എക്സ് ഒഫീഷ്യോ അംഗങ്ങളെന്ന നിലയിൽ വിവിധ സംഘടനകളുടെ ചുമതല വഹിക്കുന്ന നാലു പേരുമുണ്ട്.
രാജസ്ഥാനിൽനിന്ന് യുവനേതാവ് സച്ചിൻ പൈലറ്റ് സമിതിയംഗമായി ദേശീയ രാഷ്ട്രീയത്തിലേക്കെത്തി. രാജസ്ഥാൻ രാഷ്ട്രീയത്തിൽ നിൽക്കാനാണു സച്ചിനു താൽപര്യമെങ്കിലും അവിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അദ്ദേഹം അധികാരപ്പോരിലാണ്. ഗെലോട്ടിനെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന സച്ചിന്റെ ആവശ്യം തള്ളിയ ഹൈക്കമാൻഡ്, പകരം പദവിയെന്ന നിലയിലാണ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയത്.
ജി23 അംഗങ്ങളായ മുകുൾ വാസ്നിക്, ആനന്ദ് ശർമ എന്നിവരും പ്രവർത്തക സമിതിയിലുണ്ട്. അതേസമയം, മനീഷ് തിവാരി സ്ഥിരം ക്ഷണിതാവാണ്. സിപിഐയിൽ നിന്ന് കോൺഗ്രസിലെത്തിയ യുവനേതാവ് കനയ്യ കുമാർ പ്രവർത്തക സമിതി അംഗത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും, സ്ഥിരം ക്ഷണിതാവായാണ് ഉൾപ്പെടുത്തിയത്.
അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഏറെ നിർണായകമായ നാളുകളിലേക്കാണു പാർട്ടി കടക്കുന്നത്. അതുകൊണ്ടുതന്നെ, രാഷ്ട്രീയമായി പാർട്ടിക്കു കരുത്തേകാൻ കെൽപുള്ള നേതാക്കളാണ് 39 അംഗ സമിതിയിൽ ഇടംപിടിച്ചത്. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സമിതിയംഗങ്ങളെ സംബന്ധിച്ച് ഏകദേശ ധാരണയായിരുന്നു.
The Congress President Shri @kharge has constituted the Congress Working Committee.
Here is the list: pic.twitter.com/dwPdbtxvY5
— Congress (@INCIndia) August 20, 2023
പ്രവർത്തക സമിതി അംഗങ്ങൾ
മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, ഡോ.മൻമോഹൻ സിങ്, രാഹുൽ ഗാന്ധി, അധീർ രഞ്ജൻ ചൗധരി, എ.കെ.ആന്റണി, അംബിക സോണി, മീരാ കുമാർ, ദിഗ്‌വിജയ് സിങ്, പി.ചിദംബരം, താരിഖ് അൻവർ, ലാൽ തനവാല, മുകുൾ വാസ്നിക്, ആനന്ദ് ശർമ, അശോക് റാവു ചവാൻ, അജയ് മാക്കൻ, ചരൺജിത് സിങ് ഛന്നി, പ്രിയങ്ക ഗാന്ധി, കുമാരി സെൽജ, ഗയ്കഗം, രഘുവീര റെഡ്ഡി, ശശി തരൂർ, തംരധ്വാജ് സാഹു, അഭിഷേക് മനു സിങ്‌വി, സൽമാൻ ഖുർഷിദ്, ജയറാം രമേഷ്, ജിതേന്ദ്ര സിങ്, രൺദീപ് സിങ് സുർജേവാല, സച്ചിൻ പൈലറ്റ്, ദീപക് ബാബ്രിയ, ജഗദീഷ് താകോർ, ജി.എ.മിർ, അവിനാഷ് പാണ്ഡെ, ദീപ ദാസ് മുൻഷി, മഹേന്ദ്രജീത് സിങ് മാളവ്യ, ഗൗരവ് ഗൊഗോയ്, സയീദ് നസീർ ഹുസൈൻ, കമലേശ്വർ പട്ടേൽ, കെ.സി.വേണുഗോപാൽ.