കോട്ടയം : കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസുമായി ചേര്‍ന്നുണ്ടാക്കിയ മതേതര സഖ്യത്തിന്റെ യഥാര്‍ഥ സൂത്രധാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം കെ.സി. വേണുഗോപാല്‍.
എക്‌സിറ്റ് പോളുകള്‍ വന്നതോടെയാണ് ഒരു പ്ലാന്‍ ബി കൂടി വേണമെന്ന നിര്‍ദേശത്തെ രാഹുല്‍ അംഗീകരിച്ചത്. കോണ്‍ഗ്രസിന് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാതെ വരികയാണെങ്കില്‍ സ്ഥാനമാനങ്ങള്‍ക്കു പിന്നാലെ പോകാതെ ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള നീക്കം നടത്തുകയാണു വേണ്ടതെന്നു അദ്ദേഹം നിര്‍ദേശിച്ചതായും വേണുഗോപാല്‍ പറഞ്ഞു.
ജെഡിഎസുമായി ഉപാധികളില്ലാതെ സഖ്യമുണ്ടാക്കാനുള്ള തീരുമാനം രാഹുലിന്റേതായിരുന്നു. സഖ്യകക്ഷിക്കു മുഴുവന്‍ സമയ മുഖ്യമന്ത്രി സ്ഥാനം കൊടുത്തതില്‍ ഖേദമില്ലെന്നും കര്‍ണാടകയിലെ സഖ്യം ഉറച്ച രീതിയില്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഉടന്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും കെ.സി. അറിയിച്ചു. ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ വെറുപ്പാണു ബിജെപിക്കുനേരെയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസില്‍ എന്നും ഗ്രൂപ്പ് ഉണ്ടെന്നും എന്നാല്‍ പൊതുശത്രുവരുമ്പോള്‍ അവരെ നേരിടുകയെന്നതാണു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ വ്യത്യാസങ്ങളും ഗ്രൂപ്പും മറന്ന് ഒറ്റക്കെട്ടായാകും അത്തരം സാഹചര്യങ്ങളെ പാര്‍ട്ടി നേരിടുകയെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
രാഹുലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയെ ബൂത്ത് തലത്തില്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കോണ്‍ഗ്രസ് ഒരു കേഡര്‍ പാര്‍ട്ടിയല്ല. എന്നാല്‍ പകുതിയെങ്കിലും കേഡര്‍ പാര്‍ട്ടിയെപ്പോലെയാക്കാനാണ് ശ്രമിക്കുന്നത്. തങ്ങള്‍ക്കു പറയാനുള്ളതു കേള്‍ക്കാന്‍ നേതാക്കളില്ലെന്ന പരാതി നേരത്തേ അണികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയില്‍ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.