ന്യൂഡൽഹി : ഹിന്ദുവോട്ടുകൾ ഏകീകരിക്കാനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങളെ പ്രതിരോധിക്കാനും തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് തന്ത്രങ്ങൾക്ക് രൂപം നൽകാനും കോൺഗ്രസ് പ്രവർത്തകസമിതി തിങ്കളാഴ്ച യോഗം ചേരും. രാവിലെ 10.30-ന് എ.ഐ.സി.സി. ആസ്ഥാനത്ത് തുടങ്ങുന്ന യോഗത്തിൽ പ്രവർത്തക സമിതി അംഗങ്ങളും സ്ഥിരം ക്ഷണിതാക്കളും പാർട്ടി മുഖ്യമന്ത്രിമാരും പങ്കെടുക്കും.
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനം അടക്കമുള്ള വിഷയത്തിലൂന്നി ഹിന്ദുത്വരാഷ്ട്രീയവുമായി ബി.ജെ.പി. മുന്നോട്ടു പോകുമ്പോൾ ഒ.ബി.സി. വിഭാഗങ്ങളുടെ പ്രാതിനിധ്യ പ്രശ്നം ഉയർത്തി പ്രതിരോധിക്കാനാണ് കോൺഗ്രസ് നീക്കം. അഭിഷേക് മനു സിംഘ്‌വിയെപ്പോലുള്ള മുതിർന്ന ചില പ്രവർത്തകസമിതി അംഗങ്ങൾക്ക് ഒ.ബി.സി വിഷയത്തിൽ വിയോജിപ്പുള്ള പശ്ചാത്തലത്തിൽ അവരെക്കൂടി ബോധ്യപ്പെടുത്തി തന്ത്രങ്ങൾക്ക് ഐക്യരൂപമുണ്ടാക്കുകയാണ് ഉദ്ദേശ്യം. രാഹുൽ ഗാന്ധിയുടെ നിർദേശാനുസരണം രാജസ്ഥാനിൽ കഴിഞ്ഞദിവസം ജാതിസെൻസസ് നടത്താൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതും ഭിന്നാഭിപ്രായമുള്ള നേതാക്കൾക്കുള്ള സന്ദേശമാണ്. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ജാതിസെൻസസ് നടത്തുമെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
ബിഹാറിലെ ജാതിസെൻസസ് ഡേറ്റ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കും എന്നകാര്യം സമിതി വിലയിരുത്തും. അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലെ തന്ത്രങ്ങളിൽ മാറ്റംവരുത്തേണ്ടതുണ്ടോ എന്നകാര്യവും ആലോചിക്കും. ബിഹാർ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ ‘ജിത്‌നി അബാദി, ഉത്‌നാ ഹഖ് ’ (ജനസംഖ്യാനുപാതികമായി അവകാശം) എന്ന് രാഹുൽഗാന്ധി പ്രഖ്യാപിച്ചിരുന്നു. ജാതിസെൻസസും സംവരണപരിധി ഉയർത്തലും മുഖ്യ പ്രചാരണമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ജാതിസെൻസസിലുള്ള പാർട്ടിനിലപാട് ഭൂരിപക്ഷാധിപത്യം ഉണ്ടാക്കുമെന്ന് ‘എക്സി’ലൂടെ അഭിഷേക് മനു സിംഘ്‌വി അഭിപ്രായപ്പെട്ടെങ്കിലും പാർട്ടി തള്ളിയതോടെ ട്വീറ്റ് ഒഴിവാക്കിയിരുന്നു.
ജാതി സെൻസസിനൊപ്പം വീടില്ലാത്തവർക്ക് വീട്, വീട്ടമ്മമാർക്ക് പ്രതിമാസ ഓണറേറിയം, ബസിൽ സൗജന്യയാത്ര, നിശ്ചിത യൂണിറ്റുവരെ സൗജന്യ വൈദ്യുതി, മുതിർന്നപൗരർക്ക് പ്രതിമാസപെൻഷൻ, വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായധനവും ജോലി കിട്ടുംവരെ സാമ്പത്തികപിന്തുണയും, കർഷകരുടെ കടം എഴുതിത്തള്ളൽ, വിദ്യാഭ്യാസവായ്പപ്പലിശ കുറയ്ക്കൽ തുടങ്ങി ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങളും തിരഞ്ഞെടുപ്പിൽ ആയുധമാക്കാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്.