ഗാന്ധി കുടുംബം പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് ചേരും

ന്യൂഡല്‍ഹി: ഗാന്ധി കുടുംബം പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്ന് ചേരും. വൈകീട്ട് നാല് മണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം. ഇടക്കാല അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി ഒഴിയുമ്പോള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പിന്മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റ ആവശ്യം ഗ്രൂപ്പ് 23 ശക്തമാക്കുമ്പോഴാണ് നേതാക്കള്‍ നിര്‍ണ്ണായക തീരുമാനമെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍. കെ സി വേണുഗോപാല്‍ ജനറല്‍സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനെയും ഗ്രൂപ്പ് 23 ചോദ്യം ചെയ്യുന്നുണ്ട്.

നിര്‍ണ്ണായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കാനിരിക്കേയാണ് ഗാന്ധി കുടുംബം പാര്‍ട്ടി പദവികള്‍ രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സോണിയ ഇടക്കാല അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കുമ്പോള്‍ പ്രിയങ്ക ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വയ്ക്കും. അധ്യക്ഷ സ്ഥാനത്തില്ലെങ്കിലും അദൃശ്യ നിയന്ത്രണം നടത്തുന്ന രാഹുല്‍ഗാന്ധിയും പിന്മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച എഐസിസി പ്രചാരണവിഭാഗം ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല ബിജെപിക്കായി ചിലര്‍ വ്യാജ വാര്‍ത്തകള്‍ ചമക്കുകയാണെന്ന് ആരോപിച്ചു. റിപ്പോര്‍ട്ടുകളോട് ഗാന്ധി കുടുംബം പ്രതികരിച്ചിട്ടില്ല.

Top