കോഴിക്കോട്: ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ നടന്നത് അദ്ദേഹത്തിന് ലഭിക്കുന്ന ആദരവില്ലാതെയാക്കാന്‍ ഉമ്മന്‍ചാണ്ടി വിരുദ്ധര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. വി.ഐ.പികള്‍ സംസാരിക്കുമ്പോള്‍ മൈക്ക് തകരാര്‍ ഉണ്ടായാല്‍ അന്വേഷണമുണ്ടാവുന്നത് സ്വാഭാവികമാണെന്നും വി.ഐ.പി. സുരക്ഷാനിയമപ്രകാരമുള്ള ആ നടപടിയെ പോലും കോണ്‍ഗ്രസ് വിമര്‍ശിക്കുകയാണെന്നും ഇ.പി. ജയരാജന്‍ അഭിപ്രായപ്പെട്ടു. ബോംബുകളുമായാണ് കോണ്‍ഗ്രസുകാര്‍ നാട്ടില്‍ നടക്കുന്നത്.സുധാകരനേയും കൂട്ടരേയും വിശ്വസിച്ച് കേരളത്തില്‍ എങ്ങനെ ഇറങ്ങിനടക്കുമെന്നും ഇ.പി. ജയരാജന്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു.
‘ഉമ്മന്‍ ചാണ്ടി അന്തരിച്ചപ്പോള്‍ എന്താണ് കെ.പി.സി.സി തിരുവനന്തപുരത്ത് കാട്ടിക്കൂട്ടിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ എഴുതി വായിച്ച കാര്യങ്ങള്‍ ശരിയായില്ല. മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ മാത്രം മുദ്രാവാക്യംവിളി ഉണ്ടായി. ഉമ്മന്‍ ചാണ്ടിക്ക് കിട്ടുന്ന ആദരവ് ഇല്ലാതാക്കാന്‍ ഉമ്മന്‍ ചാണ്ടി വിരുദ്ധര്‍ നടത്തുന്ന കാര്യങ്ങളാണിത്. വളരെ പക്വതയോടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഏത് വി.ഐ.പി സംസാരിക്കുമ്പോള്‍ മൈക്ക് പ്രശ്നം ഉണ്ടായാലും പോലീസ് അന്വേഷിക്കണം. അത് വിഐപി സെക്യൂരിറ്റി നിയമ പ്രകാരമാണ്. അതിനെപോലും മോശ മായി വിമര്‍ശിച്ചു’, ഇ.പി. ജയരാജന്‍ പറഞ്ഞു.
മണിപ്പൂരിലെ മയക്കുമരുന്ന് മാഫിയക്ക് ബി.ജെ.പിയും ആര്‍.എസ്.എസുമായി ബന്ധമുണ്ടെന്നും ഇ.പി. ജയരാജന്‍ ആരോപിച്ചു. മണിപ്പുരിലെ കലാപം ബി.ജെ.പി. സ്പോണ്‍സര്‍ ചെയ്തതാണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണയ്ക്കാത്തതിന്റെ പകപോക്കലാണിതെന്നും ഇ.പി. അഭിപ്രായപ്പെട്ടു. വിവാദ വനനിയമം പാസാക്കാന്‍ ബിജെപി ശ്രമിക്കുന്നത് വനവിഭവങ്ങള്‍ കൈവശപ്പെടുത്താനുള്ള ശ്രമമാണെന്നും ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
4000 തോക്കുകള്‍ മണിപ്പൂരില്‍ കൊള്ളയടിക്കപ്പെട്ടു. ആ തോക്കുകളുമായാണ് കലാപം. ആളുകള്‍ അഭയാര്‍ത്ഥികളായി പല സ്ഥലത്തേക്കും പോകുന്നു. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി സംഘടിപ്പിച്ച കലാപത്തിന്റെ ഫലമായി ആയിരങ്ങള്‍ അഭയാര്‍ത്ഥികളായി. സ്ത്രീകള്‍ക്ക് നേരെ അതിഭീകര ആക്രമണം ഉണ്ടായി. ക്രമസമാധാന ചുമതലയുള്ള പോലീസുകാര്‍ പോലും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു.
ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയെ നോക്കി തലതാഴ്ത്തുകയാണ്. ബി.ജെ.പി ഇന്ത്യയുടെ മുഖം അത്രയേറെ വികൃതമാക്കിയിരിക്കുന്നു. ഇന്ത്യയിലെ പ്രധാന മന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും ബി.ജെ.പി രാഷ്ട്രീയത്തിന്റെ ഇരകളാണ് മണിപ്പുരികള്‍. മതത്തിന്റെ പേരില്‍ രാജ്യത്തെ ശിഥിലീകരിക്കുന്നു. ഗുജറാത്ത് മോഡല്‍ കലാപം ഉണ്ടാക്കാനാണ് ശ്രമം. ഇന്ത്യയില്‍ വര്‍ഗീയ കലാപം നടക്കാത്ത ഒരു സംസ്ഥാനമെ ഇനി ഉള്ളൂ, അത് കേരളമാണ്’, സേവ് മണിപ്പുര്‍ എന്‍.ഡി.എഫ്. ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന ഇ.പി. ജയരാജന്‍.