ഖദര്‍ കാവിയണിയുന്നതിപ്പോള്‍ രാജ്യത്ത് സര്‍വ്വസാധാരണമായിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ പോലും മുതിര്‍ന്ന നേതാക്കളും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ളവരാണ് ബി.ജെ.പി പാളയത്തിലെത്തിയിരിക്കുന്നത്. എന്തിനേറെ കേരളത്തില്‍ കോണ്‍ഗ്രസ്സ് എം.എല്‍.എ ആയിരുന്ന അബ്ദുള്ളക്കുട്ടി പോലും കാവി അണിഞ്ഞു കഴിഞ്ഞു.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവര പ്രകാരം ത്രിപുരയിലെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ തന്നെ ബി.ജെ.പിയിലേക്ക് ചേക്കേറാനിരിക്കുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞ് നില്‍ക്കുന്ന പ്രദ്യോത് ദേബ് ബര്‍മന്‍ പി.സി.സി അദ്ധ്യക്ഷ സ്ഥാനം ഇതിനകം തന്നെ രാജിവച്ച് കഴിഞ്ഞു. പൗരത്വ പ്രശ്‌നത്തില്‍ ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച ബര്‍മന്‍ , ത്രിപുരയിലും ഇത് നടപ്പാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്.
ത്രിപുരയിലെ അവസാന രാജാവായിരുന്ന കിരീത് ബിക്രം കിഷോര്‍ ദേബര്‍മന്റെ മകനാണ് പ്രദ്യോത് ദേബ് ബര്‍മന്‍. വടക്കു കിഴക്കന്‍ മേഖലയുടെ ചുമതലയുള്ള കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ലുസിന്‍ഞ്ഞോ ഫെലേരിയോയുമായുള്ള ഉടക്കാണ് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള രാജിയില്‍ കലാശിച്ചിരിക്കുന്നത്.
ത്രിപുരയിലും പൗരത്വ പട്ടിക പുറത്ത് വിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കണമെന്ന കോണ്‍ഗ്രസ്സ് ആവശ്യം ബര്‍മന്‍ നിരസിച്ചിരുന്നു. ഇതാണ് ഭിന്നത രൂക്ഷമാകാന്‍ കാരണമായിരുന്നത്. നേതാക്കളെ പാര്‍ട്ടി ഹൈക്കമാന്റിന് പോലും നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണിപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതൃത്വമൊന്നാകെ കാവിയണിഞ്ഞതാണ് ത്രിപുരയില്‍ ബി.ജെ.പിക്ക് അട്ടിമറി വിജയം സാധ്യമാക്കിയിരുന്നത്. ഇതിനു ശേഷം വന്ന നേതൃത്വവും ബി.ജെ.പിയിലേക്ക് തന്നെ ചേക്കേറുകയാണ് എന്നത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അപകടകരമായ പ്രവണതയാണ്.
ത്രിപുരയില്‍ മണിക് സര്‍ക്കാര്‍ എന്ന പാവങ്ങളുടെ മുഖ്യമന്ത്രിക്കെതിരെയാണ് സകല കമ്യൂണിസ്റ്റ് വിരുദ്ധരും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈകോര്‍ത്തിരുന്നത്. കാല്‍ നൂറ്റാണ്ടിലേറെക്കാലം തുടര്‍ച്ചയായി ഒരു സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാറിന് എതിരെയുണ്ടാകുന്ന സ്വാഭാവിക ജനവികാരത്തെയാണ് ഇവരെല്ലാം കൂടി ആളിക്കത്തിച്ചിരുന്നത്.
‘കണ്ണുണ്ടാവുമ്പോള്‍ കണ്ണിന്റെ വില അറിയില്ല’ എന്ന് പറയുന്നത് പോലെ മണിക് സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞപ്പോയാണ് അദ്ദേഹത്തിന്റെ വില രാജ്യവും അറിഞ്ഞിരുന്നത്.
ഇത്രയും കാലം മുഖ്യമന്ത്രി കസേരയിലിരുന്ന മണിക് സര്‍ക്കാറിന് സ്വന്തമായി ഒരു വീടു പോലും ഇല്ലന്നതാണ് അവസ്ഥ. രാജ്യത്തെ ദരിദ്ര മുഖ്യമന്ത്രിയായാണ് ത്രിപുര ഭരിച്ചിരുന്നപ്പോള്‍ മണിക് സര്‍ക്കാര്‍ അറിയപ്പെട്ടിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ബിപ്ലബ് കുമാര്‍ ദേബ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മണിക് സര്‍ക്കാറിനോട് കാണിച്ച പരിഗണന രാഷ്ട്രീയ കേന്ദ്രങ്ങളെ ശരിക്കും അമ്പരപ്പിച്ചു.
ഈ മാതൃകാ കമ്യൂണിസ്റ്റിനെ തന്നെ മുന്‍ നിര്‍ത്തി അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചുപിടിക്കുമെന്നാണ് സി.പി.എം അവകാശപ്പെടുന്നത്. കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒന്നായ ഒരു സംവിധാനത്തിനെതിരായിരുന്നു ത്രിപുരയിലെ പോരാട്ടമെന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ സി.പി.എം വിശേഷിപ്പിച്ചിക്കുന്നത്. അതേ അവസ്ഥ ഇപ്പോള്‍ വീണ്ടും പുതിയ കോണ്‍ഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷന്റെ നടപടിയില്‍ നിന്ന് കൂടി വ്യക്തമാകുന്നത് രാഷ്ട്രീയപരമായി ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് സി.പി.എം നേതൃത്വം. അതേസമയം, തൃപുരയിലെ പോലെ തന്നെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മഹാരാഷ്ട്രയിലും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിപ്പോള്‍ കാവി പ്രേമം വീണ്ടും തുടങ്ങിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കയിലെ ഹൗഡി മോദി പരിപാടിയെ അഭിനന്ദിച്ച് രംഗത്ത് വന്നത് മുന്‍ കേന്ദ്ര മന്ത്രി മിലിന്ദ് ദിയോറയാണ്. രാഹുല്‍ ഗാന്ധി ‘ഹൗഡി മോദി’ പരിപാടിക്കെതിരെ രംഗത്ത് വന്നതിന് ശേഷമായിരുന്നു ഈ പ്രതികരണം. ഇതോടെ അദ്ദേഹവും ബി.ജെ.പി പാളയത്തിലേക്ക് പോകുകയാണെന്ന പ്രചരണം മഹാരാഷ്ട്രയിലും വ്യാപകമായിരിക്കുകയാണിപ്പോള്‍. മിലിന്ദ് ദിയോറയുടെ അഭിനന്ദനത്തിന് നന്ദി അറിയിച്ച് പ്രധാനമന്തി തന്നെ ട്വീറ്റ് ചെയ്തതോടെ ഇക്കാര്യത്തില്‍ അഭ്യൂഹവും ശക്തമായിട്ടുണ്ട്.
കോണ്‍ഗ്രസ്സ് നേതാവായ പ്രതിപക്ഷനേതാവും എം.എല്‍.എമാരും കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേക്കേറിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. രാജ്യത്തെ വ്യാവസായിക തലസ്ഥാനം ഉള്‍പ്പെടുന്നതിനാല്‍ മഹാരാഷ്ട്ര ഭരണം നിലനിര്‍ത്തേണ്ടത് ബി.ജെ.പിയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. രാജ്യ തലസ്ഥാനത്തോട് ചേര്‍ന്ന് കിടക്കുന്ന ഹരിയാനയും ബി.ജെ.പിയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സ് നേതാക്കളെ കാവിയണിയിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി ഇപ്പോള്‍ പയറ്റിയിരിക്കുന്നത്.
പ്രത്യോയ ശാസ്ത്രപരമായ ഉറച്ച കാഴ്ചപ്പാടും കേഡര്‍ സംവിധാനവും കോണ്‍ഗ്രസ്സിന് ഇല്ലാത്തതിനാല്‍ ദ്രുതഗതിയിലാണ് കൂട് മാറ്റം നടക്കുന്നത്. താല്‍ക്കാലിക അദ്ധ്യക്ഷ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സോണിയ ഗാന്ധിക്ക് കൃത്യമായി സംസ്ഥാനങ്ങളില്‍ ഇടപെടാന്‍ പോലും പറ്റാത്ത അവസ്ഥയാണിപ്പോള്‍ നിലവിലുള്ളത്.
രാഹുല്‍ ഗാന്ധിയാവട്ടെ ‘ഹൗഡി മോദി’യെ വിമര്‍ശിച്ചത് പോലും കൈ പൊള്ളുന്ന അവസ്ഥയിലുമായി.പ്രധാനമന്ത്രിയെ നിരന്തരം വിമര്‍ശിക്കുന്നതിനെതിരെ ശശി തരൂര്‍ തന്നെ രംഗത്ത് വരികയുണ്ടായി. മോദി ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണയ്ക്കണമെന്നതാണ് തരൂരിന്റെ നിലപാട്. ഈ തരൂരും ബി.ജെ.പി പാളയമാണ് ലക്ഷ്യമിടുന്നതെന്ന അഭിപ്രായമാണ് കെ. മുരളിധരന്‍ എം.പി അടക്കമുള്ളവര്‍ക്കുമുള്ളത്.
കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയില്‍ തന്നെ മോദിയെ ചൊല്ലി അടി നടക്കുമ്പോള്‍ സംഘപരിവാറാണ് നിലവില്‍ ഏറെ ആഹ്ലാദിക്കുന്നത്. ആശങ്കയിലാവുന്നതാവട്ടെ കോണ്‍ഗ്രസ്സിനെ വിശ്വസിച്ച് വോട്ട് ചെയ്ത ന്യൂനപക്ഷ വിഭാഗങ്ങളുമാണ്. രാഹുലില്‍ രക്ഷകനെ കണ്ട് വോട്ട് ചെയ്തവര്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ ഈ നിറം മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണിപ്പോള്‍.
Political Reporter