കോൺഗ്രസ്സിൽ പുതിയ ശക്തികേന്ദ്രമായി പ്രിയങ്ക, കെ.സിയുടെ നിലയും പരുങ്ങലിൽ

കോണ്‍ഗ്രസ്സില്‍ പുതിയ അധികാര കേന്ദ്രമായി പ്രിയങ്ക ഗാന്ധി.എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കക്ക് രാഹുലിനൊപ്പം നടത്തിയ റോഡ് ഷോയുടെ വന്‍ വിജയമാണ് നേട്ടമായത്. കോണ്‍ഗ്രസ്സിലെ യുവ നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പ്രിയങ്കയോട് കാണിക്കുന്ന അടുപ്പം പുതിയ ശാക്തിക ചേരിയായി മാറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കെ.സി.വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കിയതില്‍ അമര്‍ഷമുള്ള കേരളത്തിലെ മുന്‍ കേന്ദ്രമന്ത്രിമാരടക്കമുള്ളവരും പക്ഷം മാറാനുള്ള നീക്കത്തിലാണ്. വേണുഗോപാലിന്റെ പുതിയ സ്ഥാനാരോഹണത്തില്‍ ഉത്തരേന്ത്യന്‍ ലോബിയും കടുത്ത അമര്‍ഷത്തിലാണ്. ഇവരെല്ലാം പ്രിയങ്ക നയിക്കണമെന്ന നിലപാടിലാണ്.

സീനിയര്‍ നേതാക്കളെയും പരിചയ സമ്പന്നരായ യുവനേതാക്കളെയും തഴഞ്ഞാണ് വേണുഗോപാലിന് രാഹുല്‍ പദവി നല്‍കിയതെന്നാണ് ഇവരുടെ പരാതി. പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ അവസരത്തിനായാണ് ഈ വിഭാഗം കാത്ത് നില്‍ക്കുന്നത്. യു.പി.എ അധികാരത്തില്‍ വന്നാലും ഇല്ലെങ്കിലും അത് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ അധികാര വടംവലിക്ക് കാരണമാകും.

സംസ്ഥാന കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം പുതുമയുള്ള കാര്യമല്ലെങ്കിലും ദേശീയ തലത്തില്‍ ഒരു കുറു മുന്നണി രൂപപ്പെടുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

രാഹുലിനേക്കാള്‍ പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയാവാന്‍ ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ വര്‍ദ്ധിച്ച് വരുന്നതായാണ് ദേശീയ മാധ്യമങ്ങളും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ദിരാഗാന്ധിയോടുള്ള രൂപ സാദൃശ്യമാണ് പ്രിയങ്കയെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഏറെ പ്രിയങ്കരിയാക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പിലെ സീറ്റ് മോഹികള്‍ ഇപ്പോള്‍ തന്നെ പ്രിയങ്കയുടെ ‘കരുണക്കായി’ ക്യൂ നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ പോക്ക് പോയാല്‍ യു.പി.എക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചാല്‍ മന്ത്രി സ്ഥാനത്തിന് വേണ്ടിയും സമ്മര്‍ദ്ദം ഉറപ്പാണ്.

നിരവധി കേസുകളില്‍പ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ക്കു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്ന റോബര്‍ട്ട് വദ്രക്ക് മുന്നിലും ശുപാര്‍ശക്കാര്‍ കുറവല്ല. പ്രിയങ്കയില്‍ സ്വാധീനം ചെലുത്തി സീറ്റ് തരപ്പെടുത്താന്‍ ഈ ഭര്‍ത്താവിന് മേലും വലിയ സമ്മര്‍ദ്ദമാണ് നടക്കുന്നത്.

പ്രിയങ്ക, രാഹുല്‍ സഹോദരങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഒരു അധികാര തര്‍ക്കവും ഇല്ലെങ്കിലും ഭാവിയില്‍ അധികാര തര്‍ക്കത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ഭാര്യയെ പ്രധാനമന്ത്രിയാക്കാന്‍ റോബര്‍ട്ട് വദ്ര എന്ന ബിസിനസ്സുകാരന്‍ ശ്രമിക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തില്‍ തൃപ്തിയില്ലാത്ത കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും ഈ നീക്കത്തെ പിന്തുണച്ചേക്കും സ്ഥാനമോഹികളെ ഒപ്പം നിര്‍ത്താന്‍ വദ്ര ശ്രമിക്കുമെന്ന് തന്നെയാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

80 സീറ്റുകള്‍ ലോകസഭയിലേക്ക് സംഭാവന ചെയ്യുന്ന യു.പിയില്‍ അത്ഭുതം കാട്ടാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞാല്‍ രാഹുലിന് അത് വലിയ വെല്ലുവിളിയാകും. യു.പിയില്‍ പ്രിയങ്കയ്ക്ക് ചുമതല നല്‍കിയത് തന്നെ തിരിച്ചുവരവിനുള്ള അവസാനത്തെ പരീക്ഷണമാണ്. ഈ അഗ്‌നിപരീക്ഷണത്തില്‍ കോണ്‍ഗ്രസ്സ് തകര്‍ന്നടിഞ്ഞാല്‍ പ്രിയങ്കയുടെ രാഷ്ട്രീയ ഭാവിയും അപ്രസക്തമാകും.

രാഹുല്‍ കോണ്‍ഗ്രസ്സില്‍ നടപ്പാക്കുന്ന പരിഷ്‌ക്കാരങ്ങളോട് മുഖം തിരിക്കുന്നവരാണ് പ്രിയങ്കയുടെ വരവ് ഇപ്പോള്‍ ശരിക്കും ആഘോഷിക്കുന്നത്. യു.പി. ഭരണം പിടിക്കും വരെ പോരാടും എന്ന രാഹുലിന്റെ പ്രഖ്യാപനം പോലും തന്ത്രപരമാണ്. പ്രധാനമന്ത്രി പദത്തിലേക്ക് പ്രിയങ്കയുടെ പേര് ഉയരുന്നത് മുളയിലേ നുള്ളുക എന്ന ലക്ഷ്യം കൂടി ഈ പ്രതികരണത്തിലുണ്ട്.

അതേ സമയം പ്രിയങ്കയുടെ ഭര്‍ത്താവിനെതിരായ കേസുകള്‍ ബി.ജെ.പി പ്രചരണമാക്കുന്നതില്‍ കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കളും അസ്വസ്ഥരാണ്. കോണ്‍ഗ്രസ്സിന്റെ സാധ്യതകള്‍ തകര്‍ന്നാല്‍ അതിന് ഒരു പ്രധാന കാരണം വദ്ര ആയിരിക്കുമെന്നാണ് ഈ നേതാക്കളുടെ വിലയിരുത്തല്‍. സോണിയ ഗാന്ധി കുടുംബം മരുമകനെ തിരഞ്ഞെടുക്കുന്നതില്‍ വലിയ പിഴവാണ് കാട്ടിയതെന്ന വികാരം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരിലും ശക്തമാണ്.

നിലനില്‍പ്പിനുള്ള പോരാട്ടമായാണ് ലോകസഭ തിരഞ്ഞെടുപ്പിനെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ നോക്കി കാണുന്നത്. യു.പിയില്‍ നേട്ടം കൊയ്തില്ലെങ്കില്‍ എസ്.പി-ബി.എസ്.പി പാര്‍ട്ടികള്‍ തന്നെ അപ്രസക്തമാകും. പ്രതിപക്ഷ വോട്ട് ഭിന്നതയിലാണ് ഇവിടെ ബി.ജെ.പിയുടെ പ്രതീക്ഷ. കേന്ദ്ര ഭരണം ലഭിക്കാന്‍ യു.പി പിടിക്കേണ്ടത് അനിവാര്യമായതിനാല്‍ എല്ലാ പാര്‍ട്ടികളുടെയും ശ്രദ്ധ യുപിയിലാണ് പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.

Top