വയനാട്ടിൽ രാഹുൽ തരംഗം ഇപ്പോഴില്ല, ആളെക്കൂട്ടാൻ ഖുശ്ബുവിനെ ഇറക്കുന്നു !

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അഭാവം വയനാട്ടില്‍ ബാധിക്കാതിരിക്കാന്‍ അവസാനലാപ്പില്‍ താരപ്രചാരകരെ ഇറക്കി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ രണ്ടാം വട്ട പര്യടനത്തിനെത്തിയ ശേഷം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു, നടി ഖുശ്ബു എന്നിവരാണ് താരപ്രചാരകരായി മണ്ഡലത്തില്‍ നിറയുക.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനു ശേഷം രണ്ടാമതായി 17നെത്തുന്ന രാഹുല്‍ഗാന്ധി ബത്തേരിയിലും തിരുവമ്പാടിയും വണ്ടൂരിലും കോണ്‍ഗ്രസ് പൊതുയോഗങ്ങളില്‍ പങ്കെടുക്കും.

രണ്ടാം വട്ട പര്യടനം കഴിഞ്ഞു മടങ്ങുന്ന രാഹുല്‍ തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിലേക്കുണ്ടാവില്ലെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നത്. രാഹുലിന്റെ റോഡ്‌ഷോയും ഉണ്ടാവില്ല. പൊതുയോഗങ്ങളിലേക്ക് ഹെലികോപ്റ്ററിലായിരിക്കും രാഹുല്‍ എത്തുക.

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ റോഡ് ഷോ വേണ്ടെന്ന നിര്‍ദ്ദേശമാണ് സുരക്ഷാചുമതലയുള്ള എസ്.പി.ജി നല്‍കിയിരിക്കുന്നത്. രാഹുലിന്റെ അഭാവം യു.ഡി.എഫ് പ്രചരണത്തെ ബാധിക്കാതിരിക്കാനും പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സിദ്ദു, ഖുശ്ബു എന്നിവര്‍ക്ക് കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. വയനാട്ടിലും നിലമ്പൂരിലും ഏറനാട് മണ്ഡലത്തിലുമാണ് ഈ താരപ്രചാരകര്‍ എത്തുന്നത്.

18ന് എത്തുന്ന സിദ്ദു വൈകുന്നേരം അഞ്ചിന് എടവണ്ണ സീതിഹാജി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിക്കും. എടവണ്ണയിലെ യുവാക്കളുമായാണ് സിദ്ദുവിന്റെ സൗഹൃദ ക്രിക്കറ്റ് മത്സരം. തുടര്‍ന്ന് നിലമ്പൂര്‍ ചുങ്കത്തറയിലെ പ്രചരണ പരിപാടികളിലും പങ്കെടുക്കും. തെന്നിന്ത്യന്‍ സിനിമാതാരവും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു 16ന് എത്തും തുവ്വൂരിലും എടക്കരയിലും കിഴിശേരിയിലും നടക്കുന്ന പൊതുയോഗങ്ങളില്‍ രാഹുലിനായി അവര്‍ വോട്ട്‌തേടും.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് രാഹുലിനൊപ്പം എത്തി റോഡ് ഷോയിലൂടെ വയനാടിനെ ഇളക്കി മറിച്ച പ്രിയങ്ക ഗാന്ധി 21നാണ് വീണ്ടുമെത്തുന്നത്. ഏറനാട്, നിലമ്പൂര്‍ നിയോജകമണ്ഡലങ്ങളിലായിരിക്കും പ്രചരണത്തിനെത്തുക. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഗുലാംനബി ആസാദ്, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവരും പ്രചരണത്തിന് എത്തുന്നുണ്ട്. വയനാട്ടില്‍ കോണ്‍ഗ്രസ് പ്രചരണം പിന്നിലാണെന്ന എ.ഐ.സി.സി നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് രാഹുലിനായി കോണ്‍ഗ്രസ് താരപ്രചാരകരെ ഇറക്കുന്നത്.

എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രചരണ പരിപാടികള്‍ക്കെത്തുന്നുണ്ട്. വയനാട്ടില്‍ നേരത്തെ തന്നെ പ്രചരണരംഗത്ത് സജീവമായ ഇടതു സ്ഥാനാര്‍ത്ഥി പി.പി സുനീറും ശക്തമായ പ്രചരണമാണ് നടത്തി വരുന്നത്.

വയനാട്ടില്‍ റോഡ് ഷോ നടത്തി പ്രചരണത്തില്‍ ഇടതുപക്ഷം ഒരുപടി മുന്നിലാണ്. സി.പി.ഐ ദേശീയ സെക്രട്ടറി സുധാകര്‍റെഡി, മുഖ്യമന്ത്രി പിണറായി വിജയന്‍, വി.എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ അടക്കമുള്ള നേതാക്കളും മന്ത്രിമാരും മണ്ഡലത്തില്‍ പ്രചരണത്തിനെത്തിയിരുന്നു.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി രംഗത്തുണ്ടെങ്കിലും പ്രചരണത്തില്‍ കാര്യമായ ഓളമുണ്ടാക്കാനായിട്ടില്ല. ബി.ജെ.പി ദേശീയ നേതാക്കള്‍ എത്തിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി എത്താതിരുന്നതും തുഷാറിന് ക്ഷീണമായിട്ടുണ്ട് .

വയനാട്ടിലെത്താതെ കോഴിക്കോട്ട് റാലിയില്‍ പങ്കെടുത്താണ് മോദി മടങ്ങിയത്. വയനാട്ടില്‍ മോദി പങ്കെടുക്കുന്ന റോഡ് ഷോ ഉണ്ടാകുമെന്ന് നേരത്തെ ബി.ജെ.പി നേതാക്കള്‍ അറിയിച്ചിരുന്നു. വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ച ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ പ്രസംഗവും വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് വലിയ തിരിച്ചടിയാണ്.അഞ്ചു തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടശേഷം ചുരംകയറിയെത്തി അന്യനാട്ടുകാരനായ എം.ഐ ഷാനവാസിനെ 2009തില്‍ 1,53,439 വോട്ടിന്റെ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച മണ്ഡലമാണ് വയനാട്.

അന്ന് എന്‍.സി.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ. മുരളീധരന്‍ 99,663 വോട്ടുമായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രാഹുല്‍ഗാന്ധിക്ക് ഇത്തവണ മൂന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിക്കൊടുത്തില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ നാണക്കേടാവും.

രാഹുലിനായി കര്‍ണാടക തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഉയര്‍ത്തിയ ആവശ്യം അവഗണിച്ചാണ് വയനാട്ടില്‍ മത്സരിക്കാന്‍ സമ്മതം അറിയിച്ചിരുന്നത്. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു എ.ഐ.സി.സി നേതൃത്വം. എന്നാല്‍ രാഹുലിന്റെ വരവില്‍ പ്രകോപിതരായ ഇടകുപക്ഷം നിലപാട് കടുപ്പിച്ചതോടെ വയനാട്ടില്‍ കടുത്ത മത്സരത്തിനാണ് വഴി തുറന്നിരിക്കുന്നത്.

അതേസമയം, കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ രാഹുല്‍ മത്സരിക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ ഇടതുപക്ഷം ഉള്‍പ്പെടുന്ന മുന്നണിയിലാണ് കോണ്‍ഗ്രസ് എന്നതും ശ്രദ്ധേയമാണ്.

രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം കര്‍ണാടകയില്‍ ഗുണം ചെയ്യില്ലെന്ന് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയുമായ ജെ.ഡി.എസ് നേതാവ് ദേവഗൗഡ നേരത്തെ തന്നെ തുറന്നടിച്ചിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം രാഹുലിന്റെ ഭൂരിപക്ഷത്തിലൂടെ മറുപടി നല്‍കിയില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നില തന്നെയാകും പരുങ്ങലിലാവുക.

Top