രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാണെന്ന പരാമര്‍ശം നടത്താന്‍ വളഞ്ഞവഴി പ്രയോഗിച്ച കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി വിവാദത്തില്‍. ധനമന്ത്രി നിര്‍മ്മല സീതാരാമനെ ‘നിര്‍ബല’ എന്നു വിശേഷിപ്പിച്ചാണ് ചൗധരി രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ലോക്‌സഭയില്‍ 2019 ടാക്‌സേഷന്‍ നിയമ ഭേദഗതി ബില്‍ ചര്‍ച്ചകള്‍ നടക്കവെയാണ് അധിര്‍ രഞ്ജന്‍ ചൗധരി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.
ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ നേതാവായ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, ആഭ്യന്തര മന്ത്രി അമിത് ഷായെയും നുഴഞ്ഞുകയറ്റക്കാര്‍ എന്ന് വിമര്‍ശിച്ചതിന് വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തിയ ശേഷമാണ് പുതിയ വിവാദം. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കുറയാന്‍ കാരണം സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തവെയാണ് ധനമന്ത്രിയെ ‘നിര്‍ബല’ എന്ന് വിശേഷിപ്പിച്ചത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റിലെ മന്ത്രിയാണ് നിര്‍മ്മല സീതാരാമനെങ്കിലും മനസ്സിലുള്ളത് തുറന്ന് പറയാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്ന് ചൗധരി ആരോപിച്ചു. ‘നിങ്ങളെ എനിക്ക് ബഹുമാനമാണ്, പക്ഷെ ചിലപ്പോഴെല്ലാം നിര്‍മല സീതാരാമന്‍ എന്നതിന് പകരം ‘നിര്‍ബല’ സീതാരാമന്‍ എന്നുവിളിക്കാന്‍ തോന്നും’, ചൗധരി പറഞ്ഞു.
ബിജെപി അംഗങ്ങളെ കൂടുതല്‍ ചൊടിപ്പിക്കാന്‍ ചൗധരിയുടെ പരാമര്‍ശങ്ങള്‍ വഴിതെളിക്കും. മോദിയെയും, ഷായെയും നുഴഞ്ഞുകയറ്റക്കാര്‍ എന്നുവിളിച്ച ചൗധരിക്ക് മറുപടി നല്‍കവെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി വിദേശത്ത് നിന്ന് വന്നതാണെന്ന് പാര്‍ലമെന്ററി അഫയേഴ്‌സ് മന്ത്രി പ്രഹ്‌ളാദ് ജോഷി തിരിച്ചടിച്ചു.