ഹവാല കേസ്; ഡി.കെ.ശിവകുമാര്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി

കര്‍ണ്ണാടക: ഹവാല കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പൂര്‍ണമായി സഹകരിച്ചെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. തനിക്ക് നിയമസംവിധാനത്തിലും വിശ്വാസമുണ്ട്. അവര്‍ തന്നോട് സഹകരിക്കുന്നതിനാല്‍ താന്‍ അവരോടും സഹകരിച്ചെന്നും ശിവകുമാര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായ ശിവകുമാറിനോട് ശനിയാഴ്ച വീണ്ടും ഹാജരാവാന്‍ നിര്‍ദേശിക്കുകയായിരുന്നു.

2017 ഓഗസ്റ്റില്‍ ശിവകുമാറിന്റെയും ബന്ധുക്കളുടെയും കര്‍ണ്ണാടകത്തിലെ വീടുകളില്‍ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് എട്ടുകോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് ആദായനികുതി വകുപ്പ് ബെംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈ ചോദ്യംചെയ്യല്‍ ബി.ജെ.പിയുടെ വേട്ടയാടലിന്റെ ഭാഗമാണെന്ന് ശിവകുമാര്‍ ആരോപിച്ചിരുന്നു. ശിവകുമാറിന്റെ വ്യാപാര പങ്കാളിയെന്നു കരുതുന്ന സച്ചിന്‍ നാരായണന്‍, ശര്‍മ്മ ട്രാവല്‍സ് ഉടമ സുനില്‍കുമാര്‍ ശര്‍മ്മ, ഡല്‍ഹി കര്‍ണാടക ഭവനിലെ രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരും അന്വേഷണ പരിധിയിലുണ്ട്.

കര്‍ണാടക പിസിസി അധ്യക്ഷസ്ഥാനത്തേക്ക് ശിവകുമാറിനെ പരിഗണിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്യലിനായി ഇ.ഡി ശിവകുമാറിനെ വിളിപ്പിച്ചത്.

Top