കോൺഗ്രസ് പാർട്ടി നികുതി അടയ്ക്കാത്ത വരുമാനം 520 കോടിയിൽ അധികം രൂപയാണെന്ന് ആദായനികുതി വകുപ്പ്. ഡൽഹി ഹൈക്കോടതിയിലാണ് ആദായനികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
2014-15, 2015-16, 2016-17 സാമ്പത്തിക വർഷങ്ങളിലെ കോൺഗ്രസ് പാർട്ടിയുടെ നികുതി പുനർനിർണ്ണയിക്കാൻ ആദായനികുതി വകുപ്പ് നടപടി ആരംഭിച്ചിരുന്നു. ഇതിന് എതിരെ കോൺഗ്രസ് പാർട്ടി നൽകിയ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി ബെഞ്ചിന് മുമ്പാകെ ആണ് പാർട്ടിയുടെ നികുതി അടയ്ക്കാത്ത വരുമാനം 520 കോടിയിൽ അധികം ആണെന്ന് ആദായനികുതി വകുപ്പ് ആരോപിച്ചത്.
ആദായനികുതി നിയമത്തിന്റെ വ്യവസ്ഥകൾക്ക് എതിരായാണ് നികുതി പുനർനിർണ്ണയം നടക്കുന്നത് എന്ന് കോൺഗ്രസ് പാർട്ടി കോടതിയിൽ ആരോപിച്ചു. എന്നാൽ നിയമം പാലിച്ച് കൊണ്ടുള്ള പുനർനിർണ്ണയം ആണ് നടക്കുന്നത് എന്ന് ആദായനികുതി വകുപ്പ് വാദിച്ചു.
ഏഴ് സാമ്പത്തിക വർഷങ്ങളിലെ കോൺഗ്രസ് പാർട്ടിയുടെ നികുതി വരുമാനം ആണ് ആദായനികുതി വകുപ്പ് പുനർനിർണ്ണയിക്കുന്നത്. ഇതിൽ മൂന്ന് വർഷത്തെ നികുതി വരുമാനം പുനർനിർണ്ണയിക്കുന്നതിനെതിരായ ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഹർജി വിധി പറയാനായി ഡൽഹി ഹൈക്കോടതി മാറ്റി.