ബെര്‍ലിന്‍: വോക്‌സ്‌വാഗണ്‍ യുഎസ് സോഫ്റ്റ് വെയര്‍ ഭീമനനായ മൈക്രോസോഫ്റ്റുമായി കൈകോര്‍ത്തു. ക്ലൗഡ് സാങ്കേതികവിദ്യയില്‍ മൈക്രോസോഫ്റ്റിനുള്ള വൈദഗ്ധ്യം കണക്റ്റഡ് കാറുകളുടെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിനായാണ് ഈ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ വോക്‌സ്‌വാഗണ്‍ ലക്ഷ്യമിടുന്നത്.
കരാറിന്റെ ഭാഗമായി ഇരു കമ്പനികളും ചേര്‍ന്ന് വോക്‌സ്‌വാഗണ്‍ ഓട്ടോമോട്ടീവ് ക്ലൗഡ്’ വികസിപ്പിക്കും. ഭാവിയില്‍ വോക്‌സ്‌വാഗണിന്റെ എല്ലാ ഡിജിറ്റല്‍ സേവനങ്ങള്‍ക്കും മൊബിലിറ്റി സംവിധാനങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കാവുന്ന ഒരു പ്ലാറ്റ്‌ഫോം എന്ന നിലയ്ക്കാണ് വോക്‌സ്‌വാഗണ്‍ ഓട്ടോമോട്ടീവ് ക്ലൗഡ് വികസിപ്പിക്കുന്നത്.
മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കംപ്യൂട്ടിംഗ് സര്‍വ്വീസ് അസൂറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മൊബീല്‍ ഐ ഒ ടി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്) ഹബ്ബ് ആയി ഭാവിയില്‍ വോക്‌സ്‌വാഗണ്‍ കാറുകള്‍ മാറുമെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.
2020ഓടെ വോക്‌സ്‌വാഗണ്‍ ബ്രാന്‍ഡിലുള്ള അഞ്ച് മില്യണിലധികം പുതിയ വാഹനങ്ങള്‍ പൂര്‍ണമായും കണക്റ്റഡ് ആകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും ഇന്നോവൊറ്റീവ് ആയിട്ടുള്ള പുതിയ കണക്റ്റഡ് കാര്‍ സര്‍വീസുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനും വോക്‌സ്‌വാഗണ്‍ തങ്ങളുടെ സാങ്കേതികവിദ്യ സംയോജിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പറഞ്ഞു.
ഇത്തരമൊരു പങ്കാളിത്തത്തിന് വോക്‌സ്‌വാഗണ്‍ മൈക്രോസോഫ്റ്റിനെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും ഒരുമിച്ച് നിന്നുകൊണ്ട് തങ്ങള്‍ ജനങ്ങള്‍ക്ക് മികച്ച ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുമെന്നും നാദെല്ല പറഞ്ഞു.