മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനെ രക്ഷിക്കാന്‍ ട്രബിള്‍ ഷൂട്ടറെ ഇറക്കി കേന്ദ്ര നേതൃത്വം

ഇംഫാല്‍: എംഎല്‍എമാര്‍ രാജിവെച്ചതിന് പിന്നാലെ മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനെ രക്ഷിക്കാന്‍ നീക്കങ്ങളുമായി കേന്ദ്ര നേതൃത്വം.

മേഘാലയ മുഖ്യമന്ത്രിയും എന്‍പിപി നേതാവുമായ കോണ്‍റാഡ് സാങ്മയേയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ‘ട്രബിള്‍ ഷൂട്ടര്‍’ ഹിമന്ദ ബിശ്വ ശര്‍മയേയും ബിജെപി കേന്ദ്ര നേതൃത്വം മണിപ്പൂരിലേക്കയച്ചു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര പുരോഗമന മുന്നണി രൂപീകരിച്ച് ഭരണംപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണിത്.

കോണ്‍റാഡ് സാങ്മയുടെ പാര്‍ട്ടിയായ എന്‍പിപിയുടെ മണിപ്പൂര്‍ ഘടകമാണ് ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. മൂന്നു ബി.ജെ.പി. എം.എല്‍.എ.മാര്‍ കോണ്‍ഗ്രസില്‍ ചേരുകയും നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയില്‍ നിന്നുള്ള നാലു മന്ത്രിമാരും ഒരു തൃണമൂല്‍ എം.എല്‍.എ.യും ഒരു സ്വതന്ത്ര എം.എല്‍.എ.യും എന്‍ ബിരന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി.

എന്‍പിപിയുടെ എംഎല്‍എമാരെ അനുയയിപ്പിക്കുന്നതിനാണ് കോണ്‍റാഡ് സാങ്മയെ മണിപ്പൂരിലേക്കെത്തിച്ചിരിക്കുന്നത്. 2017-ല്‍ ഹിമന്ദ ബിശ്വ ശര്‍മയും കോണ്‍റാഡ് സാങ്മയും മണിപ്പൂരിലെത്തി ബിജെപിയുടെ നേത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുക്കിയിരുന്നു.

ബിജെപിക്കെതിരായ മണിപ്പൂരിലെ പാര്‍ട്ടിയുടെ നിലപാട് മേഘാലയിലും ബാധിക്കുമെന്ന ആശങ്കയും കോണ്‍റാഡ് സാങ്മയ്ക്കുണ്ട്. അതുകൊണ്ടു തന്നെ എംഎല്‍എമാരുടെ തീരുമാനം പിന്‍വലിപ്പിക്കാന്‍ അദ്ദേഹം തീവ്രശ്രമം നടത്തുന്നുണ്ട്.

Top