ഷില്ലോങ്: മേഘാലയയില്‍ പുതിയ മുഖ്യമന്ത്രിയായി നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവ് കോണ്‍റാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ ഗവര്‍ണര്‍ ഗംഗപ്രസാദിനെ സന്ദര്‍ശിച്ച സാങ്മ 34 അംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ചത്. എം.എല്‍.എമാരും പുതിയ മന്ത്രിമാരും മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
60 അംഗ സഭയില്‍ 19 സീറ്റ് നേടിയ എന്‍.പി.പി രണ്ട് സീറ്റുള്ള ബി.ജെ.പിയുടെയും മറ്റു സഖ്യകക്ഷികളുടെയും പിന്തുണയോടെയാണ് അധികാരത്തിലേറുന്നത്.
അതേസമയം സാങ്മയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി).
മുന്‍ ലോക്സഭ സ്പീക്കര്‍ പി.എ. സാങ്മയുടെ മകനായ 40കാരനായ കോണ്‍റാഡ് സാങ്മ തുറ ലോക്സഭ മണ്ഡലം എം.പിയാണ്. 28ാം വയസ്സില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ധനമന്ത്രിയാവുകയും ചെയ്തിട്ടുണ്ട് കോണ്‍റാഡ് സാങ്മ.