കൊച്ചി: സംസ്ഥാനത്തെ ബിവറേജസ് ഔട്‌ലെറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. നിലവില്‍ ബെവ്‌കോ സ്വീകരിച്ച നടപടികളില്‍ തൃപ്തിയുണ്ടെന്നും കോടതി പറഞ്ഞു.
ബിവറേജസ് ഔട്‌ലെറ്റുകളിലെ തിരക്ക് സംബന്ധിച്ച് നിരവധി പരാതികള്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്വമേധയാ കോടതി വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്നാണ് എക്‌സൈസ് കമ്മിഷണറടക്കം നല്‍കിയ വിശദീകരണത്തില്‍ ഹൈക്കോടതി തൃപ്തി അറിയിച്ചിരിക്കുന്നത്. അതേസമയം കേരളത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഇത്രയധികം തിരക്ക് ഉണ്ടാകാന്‍ കാരണമെന്താണെന്നും ഹൈക്കോടതി ചോദിച്ചു.
അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ ചെയ്തിട്ടുണ്ട്. ബിവറേജസ് ഔട്‌ലെറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ ഓഡിറ്റ് നടത്താമെന്നും തിരക്ക് നിയന്ത്രിക്കുന്നതില്‍ ക്രിയാത്മകമായ ചില നടപടികള്‍ തങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എക്‌സൈസ് കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.
ചില ബിവറേജ് ഔട്‌ലെറ്റുകളിലെ തിരക്ക് പൊതുജനങ്ങള്‍ക്കും മറ്റ് സ്ഥാപനങ്ങളും ബുദ്ധിമുട്ടുണ്ടാക്കുന്നതായുള്ള ഹര്‍ജി കോടതിയുടെ മുന്നില്‍ എത്തിയിരുന്നു. ഈ ഔട്‌ലെറ്റുകള്‍ പൂട്ടിയതായും എക്‌സൈസ് കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.