യൂണിയന്റെ സമരഭീഷണി ഇവിടെ ചിലവാകില്ല; കെഎസ്ആര്‍ടിസി അവശ്യ സര്‍വീസാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

സമരം ചെയ്താല്‍ നടപടിയെന്ന് മുന്നറിയിപ്പു നല്‍കിയ മന്ത്രി, ജീവനക്കാരുടെ സമരം ന്യായീകരിക്കാനാവില്ലെന്നും പറഞ്ഞു. കോവിഡ് കാലത്ത് സര്‍വീസ് നടത്താതിരുന്നപ്പോഴും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടക്കാതെ നല്‍കിയിരുന്ന സര്‍ക്കാരിനെതിരെയാണ് സമരം ചെയ്യുന്നത്. മാസശമ്പളം ലഭിക്കാത്ത വലിയ വിഭാഗം ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കെഎസ്ആര്‍ടിസിയില്‍ ഒന്‍പതു വര്‍ഷമായി ശമ്പളപരിഷ്‌കരണം നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകള്‍ നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. ഇടത് അനുകൂല യൂണിയനും ബിഎംഎസും കോണ്‍ഗ്രസ് അനുകൂല യൂണിയനുമാണ് ഇന്ന് പണിമുടക്ക് പ്രഖ്യാപിച്ചത്.

Top