എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ എൽ.ഡി.എഫിനെതിരായ ആസൂത്രിത ​ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടി ഓഫീസുകളും പാർട്ടി പ്രവർത്തകരുടെ വീടുകളും ആക്രമിക്കാൻ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും അം​ഗീകരിച്ച കാര്യമാണ്. അതാണ് ഇപ്പോൾ പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട സംഭവങ്ങളാണിത്. ഈ പ്രശ്നത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ വളരെ ​ഗൗരവത്തോടെയാണ് കാണേണ്ടത്. കേരളത്തിൽ ക്രമസമാധാന നില തകർന്നു, എകെജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണിത്. സമാധാനം നിലനിർത്താൻ കോൺ​ഗ്രസ് ആ​ഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺ​ഗ്രസും ബിജെപിയും ചേർന്ന് നടത്തിയ ആക്രമണമാവാം എകെജി സെന്ററിന് നേരെയുണ്ടായതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. പൊലീസ് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരട്ടെ. അപലപനീയമായ സംഭവമാണിത്. തൃക്കാക്കര തെരഞ്ഞെടുപ്പു മുതൽ കോൺ​ഗ്രസ്- ബിജെപി രഹസ്യ സഖ്യമുണ്ട്. ഏത് പാർട്ടി ഓഫീസിന് നേരെയുള്ള അക്രമവും ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top