മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള നിരന്തര സംഘര്‍ഷം; സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള നിരന്തര സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വനംവകുപ്പ് പിടികൂടിയ പിഎം 2 എന്ന ആനയെ കാട്ടിലേക്ക് തിരിച്ചുവിടാന്‍ നിര്‍ദേശിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയാ സ്വീകരിച്ചത് ഉള്‍പ്പടെ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നത്.

മതിയായ കൂടിയാലോചനകളില്ലാതെയാണ് വനംവകുപ്പ് അധികൃതര്‍ പിഎം 2 ആനയെ പിടികൂടിയത് എന്നാണ് സമിതി റിപ്പോര്‍ട്ടിലെ വിമര്‍ശനം. ആനകളെ പിടികൂടുന്നതിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി തേടണമെന്നുമാണ് സമിതിയുടെ റിപ്പോര്‍ട്ട്. നടപടികളില്‍ കക്ഷി ചേരാന്‍ ആന സംരക്ഷകര്‍ ഉള്‍പ്പടെ ഏഴോളം അപേക്ഷകള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വരും.

മുതിര്‍ന്ന അഭിഭാഷകന്‍ രമേഷ് ബാബു കണ്‍വീനറായ സമിതിയുടെതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്മേല്‍ ഡിവിഷന്‍ ബെഞ്ച് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും.

Top