പത്തനംതിട്ട : മണ്ഡല പൂജയ്ക്ക് മുന്നോടിയായി തങ്ക അങ്കി ചാര്‍ത്തി അയ്യന് മഹാ ദീപാരാധന. 41 ദിവസം നീണ്ട മണ്ഡലകാലം നാളെ തീരും. ശരണം വിളികളാല്‍ മുഖരിദമായ അന്തരീക്ഷത്തില്‍ 6.20 ഓടെ യാണ് തങ്ക അങ്കി സന്നിദാനത്തെത്തിയത്. 22 ന് ആറന്‍മുളയില്‍ നിന്ന് പുറപ്പെട്ട തങ്ക അങ്കിയെ ശരംകുത്തിയില്‍ വച്ച് ദേവസ്വം അധികൃതര്‍ ആദ്യം സ്വീകരിച്ചു.
തുടര്‍ന്ന് വാദ്യമേള ഘോഷങ്ങളുടെ അകമ്പടിയിലായിരുന്നു സന്നിധാനത്തേക്കുള്ള യാത്ര. പതിനെട്ടാം പടി കയറിയ തങ്ക അങ്കി പേടകം കൊടിമരച്ചുവട്ടില്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിന്റെ നേതൃത്വത്തില്‍ ഏറ്റു വാങ്ങി. പിന്നീട് തങ്ക അങ്കി ചാര്‍ത്തി അയ്യപ്പന് മഹാ ദീപാരാധന. ദര്‍ശന സായൂജ്യമണഞ്ഞ് നൂറ് കണക്കിന് തീര്‍ത്ഥാടകരും. മണ്ഡലകാലത്തിനു സമാപനം കുറിച്ചുള്ള മണ്ഡലപൂജ നാളെ 11.40 നും 12.20 നും മധ്യേയുള്ള മിഥുനം രാശിയില്‍ ആണ് നടക്കുക.