അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം 36-40 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന്

ന്യൂഡല്‍ഹി: അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 36-40 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ഷേത്രം ട്രസ്റ്റ് പ്രതിനിധികള്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന യോഗത്തിന് ശേഷമാണ് ട്രസ്റ്റിന്റെ പ്രതികരണം.

റൂര്‍ക്കിയിലെ സി.ബി.ആര്‍.ഐയിലേയും മദ്രാസ് ഐ.ഐ.ടിയിലേയും എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാമജന്മഭൂമിയില്‍ മണ്ണ് പരിശോധന അടക്കമുള്ള പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. പൗരാണിക നിര്‍മാണ ശൈലിയിലാണ് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കുക. ഏത് കൊടുങ്കാറ്റിലും പ്രകൃതി ദുരന്തത്തേയും ഭൂമി കുലുക്കത്തേയും അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മാണം.

ക്ഷേത്രനിര്‍മാണത്തിന് കല്ലുകള്‍ തമ്മില്‍ ചേര്‍ക്കുന്നതിനായി ചെമ്പ് പ്ലേറ്റുകളാണ് ഉപയോഗിക്കുക. 18 ഇഞ്ച് നീളവും 30 എംഎം വീതിയുമുള്ള പതിനായിരത്തോളം പ്ലേറ്റുകള്‍ ആവശ്യമുണ്ട്. സംഭാവന നല്‍കുന്നവര്‍ക്ക് അവരുടെ കുടുംബത്തിന്റെ പേരുകളോ സമുദായത്തിന്റെ പേരുകളോ ചെമ്പില്‍ ആലേഖനം ചെയ്യാം. ഇത്തരത്തില്‍ രാജ്യത്തിന്റെ ഐക്യം ഇതിലൂടെ പ്രകടമാവും. രാമക്ഷേത്രത്തിനായി രാജ്യത്തിന്റെ സംഭാവന ഇതിലൂടെ രേഖപ്പെടുത്താം എന്നും ട്രസ്റ്റ് പ്രതികരിച്ചു.

Top