അരൂര്‍ – തുറവൂര്‍ റൂട്ടില്‍ എലവേറ്റഡ് ഹൈവേ നിര്‍മ്മാണം; ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

കൊച്ചി: ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന വലിയ വാഹനങ്ങള്‍ തുറവൂരില്‍ നിന്ന് കുമ്പളങ്ങയിലേക്ക് വഴി തിരിച്ച് വിടും. അരൂര്‍ – തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണത്തേ തുടര്‍ന്നാണ് ദേശിയപാതയില്‍ ഗതാഗത നിയന്ത്രണം. എന്‍ എച്ച് 66ലാണ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ചേരാനല്ലൂര്‍ ദേശീയ പാത 66 ല്‍ ജനപ്രതിനിധികളുടെ സംയുക്ത പരിശോധനയും നടന്നു. അരൂര്‍ – തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് എന്‍ എച്ച് 66 ല്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. വാഹനങ്ങള്‍ തിരിച്ചിവിടുന്ന വഴിയില്‍ അറ്റകുറ്റപണികള്‍ നടത്തും.

ആലപ്പുഴയില്‍ നിന്നുള്ള വലിയ വാഹനങ്ങള്‍ തുറവൂരില്‍ നിന്ന് തിരിഞ്ഞ് പോകുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. അങ്കമാലിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള കണ്ടെയ്‌നറൈസ്ഡ് വാഹനങ്ങള്‍ക്ക് എം സി റോഡിലൂടെ മാത്രമേ പോകാനാവൂ. ഇത്തരം വാഹനങ്ങള്‍ക്ക് ഗതാഗതം തിരിച്ചു വിടുന്ന വഴിയിലൂടെയും, ദേശീയപാതയിലൂടെയും സഞ്ചരിക്കാന്‍ അനുമതിയില്ല. ഇതിനിടെ ചേരാനല്ലൂരിലെ ദേശീയ പാത 66 ന്റെ നിര്‍മ്മാണ അപാകതകള്‍ പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെ സംയുക്ത പരിശോധന നടന്നു. ഹൈബി ഈഡന്‍ എം പി, ടി ജെ വിനോദ് എംഎല്‍എ, ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. വിശദമായ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ടോള്‍ പ്ലാസകള്‍ സ്ഥാപിക്കേണ്ട കാര്യത്തില്‍ ഏകദേശം ധാരണ ആയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ ദേശീയ പാതയില്‍ 11 ഇടത്താണ് പുതിയ ടോള്‍ പ്ലാസകള്‍ തുറക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദേശീയപാത 66 പൂര്‍ണമായും തുറക്കുന്നതോടെ കാത്തിരിക്കുന്നത് വന്‍ ടോള്‍ നിരക്കുകള്‍ ആണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top