ഓണത്തിന് വിലക്കയറ്റം മുന്നില്‍കണ്ട് ഓണച്ചന്തകളുമായി കണ്‍സ്യൂമര്‍ഫെഡ്

കൊച്ചി: ഓണത്തിന് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ 1,850 ഓണച്ചന്തകള്‍ ആരംഭിക്കാനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്. 13 സബ്സിഡി ഇനങ്ങള്‍ 45 ശതമാനംവരെ വിലക്കുറവില്‍ ഓണച്ചന്തകളിലൂടെ ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍ എം മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 24 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും.

സബ്സിഡിയില്ലാത്ത ഇനങ്ങള്‍ 10 മുതല്‍ 30 ശതമാനം വിലക്കുറവില്‍ ലഭ്യമാക്കും. 10 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് ഫെഡറേഷന്റെ കണക്കുകൂട്ടല്‍. ഓണത്തിന് 150 കോടിയുടെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍, ഫിഷര്‍മെന്‍ സഹകരണ സംഘങ്ങള്‍, എസ്സി/എസ്ടി സഹകരണ സംഘങ്ങള്‍, ജില്ലാ മൊത്തവ്യാപാര സഹകരണ സംഘങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക.

കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ വിപണനോദ്ഘാടനം 18ന് മുഖ്യമന്ത്രി നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ ആട്ട, മൈദ, റവ, വെളിച്ചെണ്ണ, ചായപ്പൊടി എന്നിവയാണ് വിപണിയില്‍ എത്തിക്കുന്നത്.

Top