‘എവര്‍ ഗിവണ്‍’ ഇടിച്ചുകയറി; സൂയസ് കനാലിൽ ‘ട്രാഫിക് ബ്ലോക്ക്’

ഈജിപ്‌ത്: ലോകത്തിലെ ഏറ്റവും തിരക്കേറിയതും സങ്കീർണവുമായ സമുദ്രപാതയായ സൂയസ് കനാലിൽ ‘ട്രാഫിക് ബ്ലോക്’. നിയന്ത്രണം നഷ്‌ടമായ ഒരു കണ്ടെയ്‌നർ  കപ്പൽ സൂയസ് കനാലിലേക്ക് ഇടിച്ച് കയറിയതോടെ ചലിക്കാനാകാതെ കിലോമീറ്റർ ദൂരത്തിൽ കപ്പലുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു.  നിയന്ത്രണം നഷ്‌ടമായ കണ്ടെയ്‌നർ കപ്പൽ നീക്കം ചെയ്യാൻ കഴിയാതെ വന്നതോടെ നിരവധി കപ്പലുകളുടെ സഞ്ചാരപാത നഷ്‌ടമായെന്ന് അധികൃതർ വ്യക്തമാക്കിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്‌തു. നെതർലാൻഡിലെ റോട്ടർഡാമിലേക്കുള്ള യാത്രയ്‌ക്കിടെയാണ് കപ്പൽ അപകടത്തിൽ പെട്ടത്.

സൂയസ് കനാലിന്‍റെ വടക്കന്‍ മേഖലയിൽ ചൊവ്വാഴ്‌ച രാവിലെ 7:40 ഓടെയാണ് സംഭവം. തായ്‍വാനിലെ ഒരു സ്വകാര്യ കമ്പനിയുടെ പനാമയിൽ രജിസ്‌റ്റർ ചെയ്‌ത ‘എവര്‍ ഗിവണ്‍’ എന്ന കപ്പലാണ് സൂയസ് കനാലിലേക്ക് ഇടിച്ച് കയറിയത്. കാലാവസ്ഥ പ്രതികൂലമായിരുന്നുവെന്നും അതിശക്തമായ കാറ്റിൽ നിയന്ത്രണം നഷ്‌ടമായി കപ്പൽ ഇടിച്ചു കയറുകയായിരുന്നുവെന്നുമാണ് കപ്പലിൽ നിന്ന് ലഭിക്കുന്ന വിവരം.

1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള കൂറ്റൻ കപ്പലിനെ വലിച്ചു നീക്കാന്‍ നിരവധി ടഗ് ബോട്ടുകള്‍ എത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. ഇതോടെ സഞ്ചാരപാതകളിൽ വിവിധ കപ്പലുകൾ നങ്കൂരമിടേണ്ട അവസ്ഥയിലായി. ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും കപ്പൽ വേഗത്തിൽ നീക്കം ചെയ്യാൻ കഴിയില്ലെന്നാണ് ബിബിസി റിപ്പോർട്ട്.

 

 

 

Top