തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളും ബഫര്‍ സോണുകളും പ്രഖ്യാപിച്ചു. കോര്‍പറേഷന് കീഴില്‍ കോവിഡ് സൂപ്പര്‍ സ്‌പ്രെഡിലേക്ക് നീങ്ങിയ പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകളെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാര്‍ഡുകളെ ബഫര്‍ സോണുകളായും ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
ഈ പ്രദേശങ്ങളില്‍ പാല്‍, പലചരക്ക്, റേഷന്‍ കടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴ് മുതല്‍ 11 വരെ പ്രവര്‍ത്തിക്കാം. 11 മുതല്‍ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരില്‍ നിന്നും സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷന്‍ കടകള്‍ വഴി ലഭിക്കും.
ജൂലൈ ഒന്‍പതിന് 0 മുതല്‍ 3 വരെ നമ്പരുകളില്‍ അവസാനിക്കുന്ന കാര്‍ഡുകാരും ജൂലൈ പത്തിന് 4 മുതല്‍ 6 വരെ അവസാനിക്കുന്ന കാര്‍ഡുകാരും ജൂലൈ 11ന് 7 മുതല്‍ 9 വരെ അവസാനിക്കുന്ന കാര്‍ഡുകാരും റേഷന്‍ വാങ്ങാനെത്തണം. ബാങ്ക്/ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ പാടില്ല. പൊതുജനങ്ങള്‍ മെഡിക്കല്‍, ഭക്ഷ്യ ആവശ്യങ്ങള്‍ക്കല്ലാതെ വീടിനു പുറത്തിറങ്ങാന്‍ പാടില്ല.