കടകൾ തുറക്കാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം

കോഴിക്കോട്: കണ്ടൈന്‍മെന്റ് സോണുകള്‍ നടപ്പാക്കി കടകള്‍ തുറക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം. അശാസ്ത്രീയമായാണ് കണ്ടെയ്ന്‍മെന്‌റ് സോണുകള്‍ തീരുമാനിക്കുന്നതെന്നാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴച ജില്ലയിലെ മുഴുവന്‍ കടകളും അടച്ചിടും. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് കടകള്‍ അടച്ചിടുക. പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ തുടര്‍ച്ചയായി കടകള്‍ അടച്ചിടുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് വ്യാപാരികള്‍ സമരത്തിലേക്ക് നീങ്ങുന്നത്. കണ്ടൈമെന്റ് സോണുകളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കാന്‍ അനുവദിക്കുകയും ചെറിയ കടകള്‍ അടപ്പിക്കുകയും ചെയ്യുന്നതായും വ്യാപാരികള്‍ ആരോപിക്കുന്നു. പ്രദേശത്തെ തുറക്കാന്‍ അനുമതിയുള്ള കടകളും സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു അടച്ചിട്ടു.

Top