കൊച്ചി: ജഡ്ജിയെ ശുംഭന്‍ എന്ന് വിളിച്ചതിന് ജയിലില്‍ അടയ്ക്കപ്പെട്ട സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജനെ പ്രതിക്കൂട്ടിലാക്കിയ കോണ്‍ഗ്രസ് നേതൃത്വവും കുടുങ്ങി.
സര്‍ക്കാരിന്റെ കേസുകള്‍ കാര്യക്ഷമമായി നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് അടച്ചുപൂട്ടണമെന്ന് വിമര്‍ശിച്ച ഹൈക്കോടതി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ ‘ചായക്കോപ്പയില്‍ വീണ കുറുക്കന്‍’ എന്നു വിശേഷിപ്പിച്ച മന്ത്രി കെ.സി.ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
ജോസഫിനോട് ഈ മാസം 16ന് ഹാജരാവാനാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, സുനില്‍ തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സി.പി.എം നേതാവ് വി.ശിവന്‍കുട്ടി എംഎല്‍എയാണ് ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
ബാര്‍ കോഴ വിവാദത്തില്‍പ്പെട്ട് മന്ത്രി കെ.എം മാണി രാജി വയ്ക്കുകയും മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുകയയും ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വലംകൈയായി അറിയപ്പെടുന്ന കെ.സി ജോസഫിനെതിരെയുള്ള കോടതിയുടെ നീക്കം ഭരണപക്ഷത്തെ ഞെട്ടിച്ചിട്ടുണ്ട്.
പാതയോര പൊതുയോഗം നിരോധിച്ച ഉത്തരവിനെതിരെ രംഗത്ത് വന്ന് ജഡ്ജിക്കെതിരെ ശുംഭന്‍ പ്രയോഗം നടത്തിയ എം.വി ജയരാജന്‍ മാപ്പ് പറയാതെ ജയില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ കാട്ടിയ ധൈര്യം എന്തായാലും കെ.സി ജോസഫില്‍ നിന്ന് ആരും പ്രതീക്ഷേിക്കുന്നില്ല.
കോടതി മുമ്പാകെ മാപ്പപേക്ഷ നല്‍കി തലയൂരാനേ മന്ത്രി ശ്രമിക്കൂവെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളും വ്യക്തമാക്കുന്നത്. ജയരാജന്റെ കേസില്‍ മാപ്പ് പറയാന്‍ തയ്യാറാകാത്തതിനാല്‍ ഹൈക്കോടതിക്ക് എന്ത് തീരുമാനവും എടുക്കാമെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇവിടെയും മാപ്പപേക്ഷിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ജയിലില്‍ അടക്കപ്പെട്ടത്.
ഈ സംഭവം മുന്‍നിര്‍ത്തി ജയരാജനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച യുഡിഎഫാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.
ജുഡീഷ്യറിയുടെ ഭാഗത്ത് നിന്ന് രണ്ട് നീതി ഉണ്ടാകില്ലെന്ന് ഉറപ്പുള്ളതിനാല്‍ നിയമവിദഗ്ധര്‍ ഈ നടപടി നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്.
ജോസഫിന്റെ വിശദീകരണം കോടതി അംഗീകരിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനവും പോകും. ജയിലിലടക്കപ്പെടുകയും ചെയ്യും.