സുപ്രീം കോടതിക്കെതിരെ ട്വീറ്റ്; മാപ്പ് പറയുകയോ പിഴയടക്കുകയോ ചെയ്യില്ലെന്ന് കുനാൽ

ന്യൂഡൽഹി : കോടതി അലക്ഷ്യത്തില്‍ മാപ്പ് പറയാനോ, പിഴയടക്കാനോ വക്കീലിനെ വെക്കാനോ തയ്യാറല്ലെന്ന് സുപ്രീം കോടതിക്കെതിരെ ട്വീറ്റ് ചെയ്ത കുനാൽ കമ്ര. ട്വീറ്റുകള്‍ പിൻവലിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനെയും സുപ്രീം കോടതി ജഡ്ജിമാരെയും അഭിസംബോധന ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കത്തിലാണ് ഹാസ്യതാരം കുനാല്‍ ഇത് പറയുന്നത്.

ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ വിഷയത്തിലായിരുന്നു സുപ്രീംകോടതിയെ പരിഹസിച്ച് കുനാല്‍ ട്വീറ്റ് ചെയ്തത്. ഇതിനെതിരെയുള്ള കോടതിയലക്ഷ്യമാണ് കുനാല്‍ നേരിടുന്നത്.

ഈ രാജ്യത്തെ സുപ്രീം കോടതി രാജ്യത്തെ സുപ്രീം ജോക്കായി മാറിയിരിക്കുകയാണ് എന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ കാവിനിറമണിഞ്ഞ സുപ്രീം കോടതിയുടെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വൈ . ചന്ദ്രചൂഢ് എന്നും, സാധാരണക്കാർക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും കമ്ര ട്വീറ്റ് ചെയ്തിരുന്നു. കുനാലിന്റെ ഈ ട്വീറ്റാണ് കോടതിയലക്ഷ്യത്തിലേക്ക് വഴിതെളിച്ചത്.

കുനാലിന്റെ ട്വീറ്റിനെതിരെ കോടതിയലക്ഷ്യത്തിനു കേസെടുക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.സി.വേണുഗോപാല്‍ അനുമതി നല്‍കുകയായിരുന്നു. കോടതിയ്‌ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയ കുനാല്‍ കമ്രയ്‌ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച എട്ടു പേരുടെ ഹര്‍ജികള്‍ക്ക് ആണ് അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാല്‍ അനുമതി നല്‍കിയത്. കുനാല്‍ കമ്ര സുപ്രീംകോടതിക്കെതിരെ കടുത്ത ആക്ഷേപമാണ് ഉന്നയിച്ചതെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയെ വിമര്‍ശിക്കുന്നത് നീതീകരിക്കാന്‍ കഴിയില്ലെന്നും അത്തരം നടപടികള്‍ ശിക്ഷാര്‍ഹമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുകയും വേണമെന്ന് കോടതിലക്ഷ്യ കേസിന് അനുമതി നല്‍കിക്കൊണ്ട് അറ്റോണി ജനറല്‍ വ്യക്തമാക്കി. നര്‍മ്മവും കോടതിയലക്ഷ്യവും തമ്മിലുള്ള അതിർവരമ്പ് ഭേദിക്കുന്നതുമാണെന്ന് കെ.കെ.വേണുഗോപാല്‍ പറഞ്ഞു.

 

ഇതിന് മറുപടിയാണ് കുനാലിന്‍റെ കത്ത്. സുപ്രീം കോടതി തനിക്ക് നല്ലൊരു വേദിയാണ് എന്നാണ് കുനാല്‍ കത്തില്‍ വ്യക്തമാക്കുന്നത്. സുപ്രീം കോടതിക്ക് മുന്നില്‍ തനിക്ക് പെര്‍ഫോം ചെയ്യാം കഴിയുമെന്ന് കുനാല്‍ പ്രതീക്ഷ പ്രകടപ്പിക്കുന്നു. മറ്റുള്ളവരുടെ വ്യക്തി സ്വതന്ത്ര്യത്തില്‍ സുപ്രീം കോടതി പുലര്‍ത്തുന്ന മൌനം വിമര്‍ശിക്കപ്പെടാത്തോളം തന്‍റെ കാഴ്ചപ്പാടില്‍ മാറ്റമില്ലെന്ന് കുനാല്‍ പറയുന്നു.

സുപ്രീംകോടതിയില്‍ മഹാത്മഗാന്ധിയുടെ ചിത്രത്തിന് പകരം ഹരീഷ് സാല്‍വയുടെ പടം വയ്ക്കണമെന്നും, നെഹ്റുവിന്‍റെ പടത്തിന് പകരം മഹേഷ് ജഠ്മലാനിയുടെ പടം വയ്ക്കണം എന്നും ആവശ്യപ്പെട്ടാണ് കുനാല്‍ കത്ത് നിര്‍ത്തുന്നത്. ട്വിറ്ററിൽ ഒരു കത്തിന്റെ രൂപത്തിലാണ് കുനാൽ തന്റെ പ്രതികരണം ട്വീറ്റ് ചെയ്തത്.

Top