ഇലക്ടറല്‍ ബോണ്ട് കേസ് : എസ്ബിഐക്കെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ എസ്ബിഐക്കെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. തെരഞ്ഞെടുപ്പ് ബോണ്ടിന്റെ വിവരങ്ങള്‍ കൈമാറാത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജി. തെരഞ്ഞെടുപ്പ് ബോണ്ടിന്റെ വിവരങ്ങള്‍ കൈമാറാനുള്ള സമയം കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആണ് ഹര്‍ജി നല്‍കിയത്.

പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവരങ്ങള്‍ കൈമാറാന്‍ കൂടുതല്‍ സാവകാശം തേടിയാണ് എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചത്.ജൂണ്‍ 30 വരെയാണ് സാവകാശം തേടിയത്. തിരഞ്ഞെടുപ്പ് കമ്മീഷനുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഓരോ ഇലക്ട്രല്‍ ബോണ്ട് ഇടപാടും സംബന്ധിച്ച വിശദാംശങ്ങള്‍ മാര്‍ച്ച് ആറിന് മുമ്പ് സമര്‍പ്പിക്കാനാണ് എസ്ബിഐയ്ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നത്.

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ട്രല്‍ ബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. ഇലക്ടല്‍ ബോണ്ടുകളുടെ വിതരണം നിര്‍ത്തിവയ്ക്കാനും ഇതുവരെ വിതരണ ചെയ്തവയുടെ സമ്പൂര്‍ണ വിവരം മൂന്നാഴ്ചക്കകം തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.  രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകളെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശമെന്ന് വ്യക്തമാക്കിയാണ് ഇലക്ട്രല്‍ ബോണ്ട് പദ്ധതി സുപ്രീംകോടതി തടഞ്ഞത്.

Top