‘ബി.ജെ.പി താഴെക്കിടയില്‍ നന്നായി വര്‍ക്ക് ചെയ്യുന്നുണ്ട്, അവര്‍ രണ്ടാം സ്ഥാനത്ത് എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല’ ചെങ്ങന്നൂരിലെ ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ഈ വാക്കുകള്‍ കേട്ട് ഞെട്ടിയത് കോണ്‍ഗ്രസ്സ് നേതൃത്വം മാത്രമല്ല, സി.പി.എം നേതാക്കള്‍ കൂടിയാണ്. ഒരിക്കലും മണ്ഡലത്തില്‍ ബി.ജെ.പിയുമായാണ് മത്സരമെന്ന് അംഗീകരിക്കാന്‍ ഇരു പാര്‍ട്ടികളും തയ്യാറല്ല.
ബി.ജെ.പി ജയിക്കുമെന്ന പ്രതീതി സൃഷ്ടിച്ച് ന്യൂനപക്ഷ വോട്ടുകള്‍ ‘ അട്ടിമറി’ക്കാനുള്ള പഴയ തന്ത്രം പൊളിക്കാന്‍ കാടിളക്കിയുള്ള പ്രചരണമല്ല, താഴെ തട്ടില്‍ ഓരോ വോട്ടറേയും നേരിട്ടു കണ്ടുള്ള പ്രചരണത്തിനാണ് ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ മുന്‍ഗണന കൊടുക്കുന്നത്.
ചിട്ടയായ ഈ പ്രവര്‍ത്തനം ഭംഗിയായി തന്നെ സ്വയം സേവകര്‍ നിര്‍വ്വഹിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഇടതു സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം.
അപകടം മുന്നില്‍ കണ്ട് പിന്നിട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇടതുപക്ഷവും യു.ഡി.എഫും തമ്മിലാണ് മത്സരമെന്ന് തിരുത്തിയിട്ടുണ്ടെങ്കിലും മണ്ഡലത്തില്‍ ഇപ്പോള്‍ കത്തി പടരുന്നത് സജി ചെറിയാന്റെ വാക്കുകളാണ്. ബി.ജെ.പിക്ക് വീണു കിട്ടിയ ഒന്നാം തരം പ്രചരണായുധമായിരിക്കുകയാണിത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ 42682 വോട്ടുകള്‍ വീണ്ടും ഉറപ്പിച്ച് ഇടതു – വലതു കേന്ദ്രങ്ങളില്‍ കയറി നിഷ്പക്ഷ വിഭാഗത്തിന്റെ വോട്ടുകള്‍ കൂടുതലായി സമാഹരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തി വരുന്നത്
ബി.ജെ.പി വിജയിക്കില്ലന്ന് കണ്ട് വോട്ട് ചെയ്യാതിരുന്ന വിഭാഗം ഇപ്പോള്‍ വിജയിക്കുമെന്ന സാഹചര്യം സൃഷ്ടിക്കാന്‍ കഴിഞ്ഞതിനാല്‍ ഇത്തവണ കൈവിടില്ലന്നാണ് കാവി പടയുടെ പ്രതീക്ഷ.
അതേ സമയം കേരള കോണ്‍ഗ്രസ്സ് വന്നതോടെ ആത്മവിശ്വാസത്തിലാണെങ്കിലും യു.ഡി.എഫ് നേതാക്കള്‍ക്ക് ആശങ്ക വിട്ടുമാറിയിട്ടില്ല, ഇടതുപക്ഷത്തെ സ്ഥിതിയും വ്യത്യസ്തമല്ല.
കെ.എം മാണിയെ അകറ്റിയതില്‍ സി.പി.ഐയോട് കടുത്ത അതൃപ്തി സി.പി.എമ്മിനുണ്ട്. പരാജയപ്പെട്ടാല്‍ സി.പി.ഐക്കെതിരെ കടുത്ത നിലപാടുകളിലേക്ക് സി.പി.എം പോയേക്കും. പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന തെരെഞ്ഞെടുപ്പില്‍ സി.പി.ഐ കടുത്ത നിലപാട് തുടര്‍ന്നത് ശരിയായില്ലന്ന നിലപാടാണ് സി.പി.എം നേതാക്കള്‍ക്കുള്ളത്.
മാണി വന്നിട്ടും മൂന്നാം സ്ഥാനത്തേക്ക് പോവേണ്ട സാഹചര്യം ഉണ്ടായാല്‍ അത് യു.ഡി.എഫിന്റെയും ‘മരണ’മണിയാകുമെന്ന കാര്യവും ഉറപ്പാണ്. കെ.പി.സി.സി നേതൃത്വത്തിലും പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തും വരെ മാറ്റങ്ങള്‍ ഉണ്ടാവും.
ബി.ജെ.പി വിജയിച്ചില്ലങ്കിലും രണ്ടാം സ്ഥാനത്ത് എത്തിയാല്‍ പോലും കേരള രാഷ്ട്രീയത്തില്‍ അത് വലിയ ചലനങ്ങള്‍ ഉണ്ടാക്കും. ആരാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന കാര്യവും ചെങ്ങന്നൂര്‍ നല്‍കും.
ലോക് സഭ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന വിധിയെഴുത്തായതിനാല്‍ അതീവ ഗൗരവത്തോടെ തന്നെയാണ് ചെങ്ങന്നൂരിനെ ദേശീയ രാഷ്ട്രീയ നേതൃത്വങ്ങള്‍ നോക്കി കാണുന്നത്. ത്രിപുര മുഖ്യമന്ത്രിയെ ബി.ജെ.പിയും എ.കെ.ആന്റണിയെ കോണ്‍ഗ്രസ്സും രംഗത്തിറക്കി കഴിഞ്ഞു.
ഇടതുപക്ഷത്തിന്റെ താരപ്രചാരകര്‍ വി.എസും പിണറായിയും തന്നെയാണ്. ദേശീയ നേതാവെന്ന നിലയില്‍ വൃന്ദ കാരാട്ടും പ്രചരണത്തിന് എത്തിയിരുന്നു.