ഹവായി ഭീതിയില്‍; അഗ്‌നിപര്‍വതത്തില്‍ നിന്ന് ലാവ പൊട്ടിയൊഴുകുന്നു

പഹൊവ: അഗ്‌നിപര്‍വതത്തില്‍ നിന്നു പുതിയ ഭീഷണി ഉയരുന്നു. ഹവായിയിലെ ബിഗ് ഐലന്‍ഡിലെ അഗ്‌നിപര്‍വതമായ കിലോയയില്‍ ലാവ പുറന്തള്ളിക്കൊണ്ടിരിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. അഗ്‌നിപര്‍വതത്തോടു ചേര്‍ന്നു പലയിടത്തും പുതിയ വിള്ളലുകള്‍ രൂപപ്പെടുകയാണ്. ഇവയ്ക്കുള്ളില്‍ നിന്നു ചുട്ടുപഴുത്ത ലാവയും പുറന്തള്ളപ്പെടുന്നു. എന്നാല്‍ ഇത് എത്രനാള്‍ തുടരും, ഇനിയും ഭൂകമ്പമുണ്ടാകുമോ എന്ന കാര്യങ്ങളില്‍ വ്യക്തമായി മറുപടി പറയാനാകാതെ യുഎസ് ജിയോളജിക്കല്‍ സര്‍വേ ആശങ്കപ്പെടുന്നു.

സൂനാമി ഭീഷണിയില്ലെന്ന് പറയുന്നുണ്ടെങ്കിലും വ്യക്തമായി ഒന്നും പറയാനാവാത്ത അവസ്ഥയിലാണ് ഗവണ്‍മെന്റ്. അഗ്‌നിപര്‍വതബാധിത മേഖലകളില്‍ നിന്നു ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കിലോയ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുന്നത്. ലാവ ജനവാസമേഖലകളിലേക്കും എസ്റ്റേറ്റുകളിലേക്കും ഒലിച്ചിറങ്ങിയതോടെ ഒഴിപ്പിക്കലും ആരംഭിച്ചു. വിഷവാതകങ്ങളും ഭീഷണിയായി ദ്വീപില്‍ നിറഞ്ഞു. ഇതിനു പിന്നാലെയാണു വെള്ളിയാഴ്ച ഹവായിയെ കുലുക്കി രണ്ട് ഭൂകമ്പങ്ങളുണ്ടാകുന്നത്. രാവിലെ 11.30നുണ്ടായത് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയപ്പോള്‍ രണ്ടാമത്തേതിനു 6.9 ആയിരുന്നു തീവ്രത. പന്ത്രണ്ടരയോടെയുണ്ടായതാകട്ടെ നാലു പതിറ്റാണ്ടിനിടെ ഹവായിയില്‍ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമായിരുന്നു.

കെട്ടിടങ്ങളും മരങ്ങളും വിറയ്ക്കുകയും ആടിയുലയുകയും ചെയ്യുന്നതിന്റെയും സ്വിമ്മിങ് പൂളുകളില്‍ ഓളങ്ങളുണ്ടാകുന്നതിന്റെയും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നുണ്ട്. ഞായറാഴ്ചയോടെയായിരുന്നു ദ്വീപില്‍ പലയിടത്തും പുതിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ട് അതില്‍ നിന്നു ലാവ കുതിച്ചു ഒഴുകിയത്.

റസിഡന്‍ഷ്യല്‍ ഏരിയകളിലേക്കും ലാവയെത്തിയതോടെ ഇതുവരെ രണ്ടായിരത്തോളം പേരെയാണ് ഒഴിപ്പിച്ചിരിക്കുന്നത്. നിലവില്‍ കിലോയ ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്ന ലെയ്‌ലനി എസ്റ്റേറ്റ് മേഖലയിലാണു പുതിയ വിള്ളലുകള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ എഴുനൂറോളം വീടുകളാണുള്ളത്. 1700ലേറെപ്പേരെ ഒഴിപ്പിക്കുകയും ചെയ്തു. കിലോയയില്‍ നിന്ന് 19 കിലോമീറ്റര്‍ മാത്രം ദൂരെയാണ് ഈ എസ്റ്റേറ്റ്. എന്നാല്‍ പുതുതായുണ്ടായിരിക്കുന്ന വിള്ളലുകളില്‍ എല്ലാം സജീവമല്ല.

ജനങ്ങള്‍ക്ക് എന്നു തിരികെയെത്താനാകും എന്ന ചോദ്യത്തിനു മറുപടിയായാണ് ‘ലാവാ പ്രവാഹം ഒരുപക്ഷേ ആഴ്ചകളും മാസങ്ങളും തുടരു’മെന്ന് ഹവായിയന്‍ വോള്‍ക്കാനോ ഒബ്‌സര്‍വേറ്ററി അധികൃതര്‍ പറഞ്ഞത്. ലാവാപ്രവാഹം ദിവസം തോറും വര്‍ധിക്കുന്നതും ആശങ്കപ്പെടുത്തുന്നുണ്ട്. 1150 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയിലുള്ള ലാവാപ്രവാഹമാണു നിലവില്‍ പ്രതീക്ഷിക്കുന്നത്.

ജനങ്ങളെ ഒഴിപ്പിക്കുന്ന മേഖലയില്‍ വന്‍തോതിലാണ് സള്‍ഫര്‍ ഡൈ ഓക്‌സൈഡ് പോലുള്ള വിഷവാതകങ്ങളുടെ സാന്നിധ്യം. ഇത് ചര്‍മത്തില്‍ അലര്‍ജിയും ശ്വാസതടസ്സവും ഉണ്ടാക്കാന്‍ പോന്നതാണെന്ന് സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.

Top