പലസ്തീന്‍ ജനതയ്ക്ക് മാനുഷിക സഹായം നല്‍കുന്നത് തുടരും; യു എന്‍ സഭയില്‍ ഇന്ത്യന്‍ പ്രതിനിധി

ഗാസയിലെ സാധാരണ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കുന്നത് തുടരുമെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ആര്‍.രവീന്ദ്ര. യുഎന്‍ രക്ഷാ കൗണ്‍സിലില്‍ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ചര്‍ച്ചചെയ്യുന്നതിനിടെയാണ് രവീന്ദ്ര നിലപാട് വ്യക്തമാക്കിയത്. ഭക്ഷണവും അത്യാവശ്യ മെഡിക്കല്‍ സാമഗ്രികളുമടങ്ങുന്ന 38 ടണ്‍ സഹായം ഇന്ത്യ അയച്ചിരുന്നു. ഇത് ഇനിയും തുടരുമെന്നാണ് ഇന്ത്യന്‍ പ്രതിനിധി വ്യക്തമാക്കിയത്.

ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സംരംഭകത്വം, വിവരസാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ വിവിധ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ഞങ്ങളുടെ ഉഭയകക്ഷി വികസന പങ്കാളിത്തത്തിലൂടെ ഞങ്ങള്‍ പലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നത് തുടരുന്നു. പലസ്തീന്‍ ജനത വെല്ലുവിളി നേരിടുന്ന ഈ സമയങ്ങളില്‍ ഇന്ത്യ മാനുഷിക സഹായം അയക്കുന്നത് തുടരും എന്നും ആര്‍.രവീന്ദ്ര പറഞ്ഞു.

ഞായറാഴ്ചയാണ് ഇന്ത്യയുടെ ആദ്യഘട്ട സഹായം പലസ്തീനിലേക്ക് അയച്ചത്. പ്രശ്‌നം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയും അനുശോചനവും അറിയിച്ച ആദ്യത്തെ ആഗോള നേതാക്കളില്‍ ഒരാളാണ് ഞങ്ങളുടെ പ്രധാനമന്ത്രി.

ഇസ്രായേല്‍ ഭീകരാക്രമണങ്ങളെ അഭിമുഖീകരിച്ച പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇരകളുടെ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും രവീന്ദ്ര പറഞ്ഞു.

Top