തിരുവനന്തപുരം: ഏറ്റെടുത്ത കരാര്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഇന്‍കല്‍ പണം നല്‍കിയില്ലെന്ന പരാതിയില്‍ കരാറുകാര്‍. ഇതില്‍ പ്രതിഷേധിച്ച് കരാറുകാര്‍ ഇന്‍കലിന്റെ ഓഫീസ് ഉപരോധിച്ചു. 280- പേര്‍ക്കായി എട്ടു കോടി രൂപയാണ് കൊടുക്കേണ്ടത്. പലതവണ ആവശ്യപ്പെട്ടിട്ടും തുക നല്‍കാതെ വന്നതിനെ തുടര്‍ന്നാണ് കരാറുകാര്‍ ഇന്‍കലിന്റെ ഓഫീസ് ഉപരോധിച്ചത്.
പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇന്‍കല്‍. സംസ്ഥാനത്ത് വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന സെഗുറോ എന്ന കമ്പനിയുടെ 65 ശതമാനം ഓഹരികള്‍ ഇന്‍കല്‍ വാങ്ങിയിരുന്നു. പിന്നീട് കമ്പനി നഷ്ടത്തിലായി. നിര്‍മ്മാണത്തിലെ ഗുണമേന്മയില്ലായ്മ മൂലം ചില ജോലികള്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ട് നിര്‍ത്തി വയ്പ്പിച്ചു.
വിവിധ ജോലികള്‍ക്കായി സെഗുറോയ്ക്ക് സാധനങ്ങളും, യന്ത്രങ്ങളും തൊഴിലാളികളെയും എത്തിച്ചു നല്‍കിയവര്‍ക്കാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും തുക ലഭിക്കാത്തത്. ഉപരോധത്തെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് ചര്‍ച്ച നടത്തി. ലഭിക്കാനുള്ള തുക സംബന്ധിച്ച കണക്കും കരാറുകാര്‍ക്ക് കൈമാറി. വിവരങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും ചെയര്‍മാനായ വ്യവസായ വകുപ്പ് മന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്നും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം ഒരാഴ്ചക്കുള്ളില്‍ അറിയിക്കാമെന്നും അധികൃതര്‍ പറഞ്ഞു.