തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. രാത്രി 8 മുതല്‍ 10 മണി വരെ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി. നിയന്ത്രണം ലംഘിച്ചാല്‍ നിയമനടപടി ഉണ്ടാകുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു.
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ പടക്കംപൊട്ടിക്കലിന് നിയന്ത്രണം കൊണ്ടുവരുന്നത്. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.
നവംബര്‍ 4നാണ് രാജ്യവ്യാപകമായി ദീപാവലി ആഘോഷങ്ങള്‍ നടക്കുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം ആഘോഷങ്ങളെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നു.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങള്‍ സൃഷ്ടിക്കാത്തതുമായ ‘ഹരിത പടക്കങ്ങള്‍’ (ഗ്രീന്‍ ക്രാക്കേഴ്സ്) മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു.
ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.