ദില്ലി: ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ‘ ഓപ്പറേഷന്‍ അജയ്’ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദില്ലിയിലെ കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇസ്രയേലില്‍നിന്ന് തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിനാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മലയാളികളെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്‌കും സജ്ജമാക്കും. ‘ഓപ്പറേഷന്‍ അജയ്’ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാകുന്നതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിന്‍ അറിയിച്ചു. കേരള ഹൗസിലെ കണ്‍ട്രോള്‍ റൂം നമ്പര്‍: 011 23747079.
ഇതിനിടെ, ഓപ്പറേഷന്‍ അജയുടെ ഭാഗമായുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം വൈകിട്ടോടെ ഇസ്രയേലിലേക്ക് പുറപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാളെ രാവിലെ ഇന്ത്യക്കാരുമായി വിമാനം തിരിച്ചെത്തും. 230 പേരെയാണ് നാളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളായിരിക്കും. യാത്ര സൗജന്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദൗത്യത്തിന്റെ ഭാഗമായി ദില്ലിയില്‍ ഉന്നതതല യോഗം നടന്നു. ഇസ്രയേലിലെ ഇന്ത്യന്‍ അംബാസിഡര്‍ അടക്കം ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.